ദുബൈ: യു.എ.ഇ ആതിഥേയത്വം വഹിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28 വിജയകരമാക്കിയ സംഘാടകർക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ ബഹുമതികൾ സമ്മാനിച്ചു.
ഓഡർ ഓഫ് സായിദ്, ഓഡർ ഓഫ് യൂനിയൻ, ഫസ്റ്റ് ക്ലാസ് ഓഡർ ഓഫ് സായിദ് 11 എന്നീ ബഹുമതികളാണ് സമ്മാനിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്കാണ് ഓഡർ ഓഫ് സായിദ് ബഹുമതി.
അബൂദബിയുടെ ഉപ ഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഒന്നാം ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, വിദേശകാര്യ മന്ത്രിയും കോപ് 28 ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ച ഉന്നത തല കമ്മിറ്റി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, സലാമ ബിൻത് ഹംദാൻ ആൽ നഹ്യാൻ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ്.
കോപ്28 പ്രസിഡന്റും വ്യവസായ നൂതന സാങ്കേതിക വിദ്യ മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, പ്രോട്ടോകോൾ ആൻഡ് സ്ട്രാറ്റജിക് നറേറ്റിവ് ഫെഡറൽ അതോറിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ജുനൈബി എന്നിവർക്കാണ് ഓഡർ ഓഫ് യൂനിയൻ ബഹുമതി സമ്മാനിച്ചത്. കോപ്28ലെ സംഘാടക സമിതി അംഗങ്ങൾക്കാണ് ഫസ്റ്റ് ക്ലാസ് ഓഡർ ഓഫ് സായിദ്11 ബഹുമതി നൽകിയത്.
അബൂദബി എർത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നേരിട്ടാണ് ബഹുമതികൾ കൈമാറിയത്. കോപ്28ന്റെ വിജയത്തിൽ എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.