ദുബൈ: ജയിൽ അന്തേവാസികൾക്ക് പുതുജീവിതം നൽകാൻ ആറു മാസത്തിനിടെ യു.എ.ഇയിലെ സന്നദ്ധ സംഘടനകളിൽനിന്നും മനുഷ്യസ്നേഹികളിൽനിന്നും ദുബൈ ജയിൽ വകുപ്പിന് ലഭിച്ചത് 44 ലക്ഷം ദിർഹം. ഇതിൽ 50 ശതമാനവും ഉപയോഗപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ടവരെ മോചിപ്പിക്കാൻ. കഴിഞ്ഞ ആറു മാസത്തിനിടെ ഈ ഫണ്ട് ഉപയോഗപ്പെടുത്തി ജയിൽമോചിതരായത് 40 തടവുകാർ. വെള്ളിയാഴ്ച ജയിൽ വകുപ്പാണ് വിവരങ്ങൾ പുറത്തുവിട്ടത്.
വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ടവരെ ജയിൽമോചിതരാക്കുക, അവരുടെ കുടുംബങ്ങളെ സഹായിക്കുക, ജാമ്യം ലഭ്യമാക്കുക, വിമാന ടിക്കറ്റ്, മരുന്ന് വിതരണം, മക്കളുടെ സ്കൂൾ ഫീസ്, മറ്റ് മാനുഷികമായ പ്രവർത്തനങ്ങൾ എന്നിവക്കും ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്തിയതായി ജയിൽ വകുപ്പ് അറിയിച്ചു.
പുരുഷ, വനിത തടവുകാർക്ക് ഒരുപോലെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ അബ്ദുൽ കരിം ജൽഫാർ പറഞ്ഞു. സാമൂഹിക നന്മക്കായി ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തടവുകാർക്ക് പുതുജീവിതം ആരംഭിക്കാനായി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ കാണിക്കുന്ന ആത്മാർഥതയും ഐക്യദാർഢ്യവുമാണ് ഇത്തരം സൽപ്രവൃത്തികളിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.