ദുബൈ: പ്രേബാധനം പ്രസിദ്ധീകരിച്ച 'പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ അക്ഷരസ്മൃതി'യുടെ യു.എ.ഇ തല പ്രകാശനം ദുബൈയിൽ നടന്നു.
ബിസിനസ് ബേയിലെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കോർപറേറ്റ് ഒാഫിസിൽ ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സാരഥി ഡോ. ആസാദ് മൂപ്പൻ, റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, പേസ് ഗ്രൂപ് ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പ്രായോഗിക കാഴ്ചപ്പാടിനൊപ്പം അസാമാന്യമായ നിശ്ചയദാർഢ്യവും ചേർന്നതാണ് പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ ജീവിതമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഉത്തരേന്ത്യയിലെ ദരിദ്രജനവിഭാഗങ്ങളുടെ ജീവിതത്തിന് പുതിയ അർഥം നൽകാനുള്ള പദ്ധതികളുമായി ഇറങ്ങിത്തിരിച്ച ആദ്യ മലയാളി സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു പ്രഫ. സിദ്ദീഖ് ഹസനെന്ന് പി.എ. ഇബ്രാഹിം ഹാജി അനുസ്മരിച്ചു.'മാധ്യമം' 'മീഡിയ വൺ' ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ മുന്നിൽ നിന്ന പ്രഫ. സിദ്ദീഖ് ഹസെൻറ ജീവിതം പാഠപുസ്തകം തന്നെയാണെന്ന് ശംഷുദ്ദീൻ ബിൻ മുഹ്യിദ്ദീൻ പറഞ്ഞു.
മുബാറക് അബ്ദുൽ റസാഖ്, ടി.കെ. മുഹമ്മദ് റഷീദ്, അഡ്വ. മുഹമ്മദ് അസ്ലം, സാബിർ എ.ബി, മാധ്യമപ്രവർത്തകൻ എം.സി.എ നാസർ എന്നിവർ പങ്കെടുത്തു. പണ്ഡിതനും പ്രമുഖ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തകനും ആയിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ ജീവിതമുദ്രകൾക്കൊപ്പം നൂറുകണക്കിനാളുകളുടെ ഓർമകൾ കൂടി ഉൾപ്പെടുന്നതാണ് പ്രബോധനം പ്രത്യേക പതിപ്പ്.മുന്നൂറിലേറെ പേജുകളിലായി 140 ലേറെ പേരാണ് ഒാർമകൾ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.