അജ്മാന്: എമിറേറ്റിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വർധന. ഈ വര്‍ഷാദ്യ പകുതിയില്‍ 19,80,386 യാത്രക്കാര്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതായി അജ്മാന് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനമാണ് വർധന. പൊതുഗതാഗത ശൃംഖലയുടെ വിപുലീകരണം, അടിസ്ഥാന സൗകര്യ വികസനം, മികച്ച സേവനം എന്നിവ യാത്രക്കാരെ പൊതുഗതാഗത രംഗത്തേക്ക് കൂടുതൽ ആകർഷിച്ചതായി അധികൃതർ വ്യകതമാക്കി.
യാത്രികരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ പ്രദേശങ്ങളിൽ കൂടി കൂടുതൽ സർവിസുകൾ ആരംഭിക്കാനുള്ള പദ്ധതികൾ നടപ്പാക്കിവരുകയാണെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു. അജ്മാനിലെ പൊതുഗതാഗത ബസുകൾ ഗുണനിലവാരവും ഉയർന്ന സുരക്ഷയുംആഡംബരവും കൊണ്ട് വേറിട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയോധികർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ തുടങ്ങിയവർക്ക് ഗതാഗത സൗകര്യങ്ങൾ ഫലപ്രദവും സുഗമമായും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ബസുകളുടെ പ്രവർത്തനം. അതോടൊപ്പം ബസ്സ്റ്റോപ്പുകൾ ഉൾപ്പെടെ പൊതുഗതാഗത സൗകര്യങ്ങൾ കാലാനുസൃതമായി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.