റാസല്‍ഖൈമ: പൊതുഗതാഗതം വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയില്‍ പുതിയ 36 ബസ് സ്റ്റേഷനുകള്‍ വരുന്നു. 2020-2025 വര്‍ഷക്കാലയളവില്‍ മൂന്ന് ഫേസുകളിലായാണ് പൊതുഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കിവരുന്നതെന്ന് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഇസ്മായില്‍ ആല് ബലൂഷി പറഞ്ഞു. നഗര-പ്രാന്ത പ്രദേശങ്ങളില്‍ നവീനരീതിയിലാകും ബസ് സ്റ്റേഷനുകളുടെ നിര്‍മാണം.
നിലവിലെ ബസ് സര്‍വിസുകളുടെ എണ്ണം വര്‍ധിക്കുന്നത് വാണിജ്യ മേഖലയിലും ഉണര്‍വ് നല്‍കും. ശാം, അല്‍ ജീര്, ദിഗ്ദാഗ തുടങ്ങിയയിടങ്ങളിലേക്ക് നടത്തിവരുന്ന പരിമിതമായ ബസ് സര്‍വിസുകള്‍ക്ക് പുറമെ 850 ടാക്സി സര്‍വിസുകളാണ് റാസല്‍ഖൈമയില്‍ നിലവിലുള്ളത്. ഇത് വിപുലീകരിക്കും. ടാക്സി - ലിമോസിന് സര്‍വിസുകള്‍ സ്മാര്‍ട്ട് പ്ലാറ്റ്ഫോമിലാക്കി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും. വ്യവസായ-വാണിജ്യ-വിനോദ മേഖലകളിലെ വളര്‍ച്ച മുന്നില്‍ കണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സര്‍വിസുകൾ സംബന്ധിച്ച് ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പരാതികള്‍ ഗണ്യമായി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ വരെ 99 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 189 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 477 വസ്തുവകകള്‍ ടാക്സികളില്‍ മറന്നുവെച്ചുപോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാക്സികളിലും ബസുകളിലും ഇങ്ങനെ ലഭിച്ച വസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കിയതായും ഉടമകള്‍ ഇല്ലാത്ത സാധനങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
ഈ വര്‍ഷം ജൂണ്‍-ആഗസ്റ്റ് കാലയളവില്‍ റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (റാക്ട) സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയവരില്‍ 98.5 ശതമാനം ഉപഭോക്താക്കളും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മറന്നുവെക്കുന്ന സാധനങ്ങള്‍ തിരികെ ലഭിക്കുന്നതിനും ടാക്സി-ബസ് സര്‍വിസ് സംബന്ധമായ അന്വേഷണങ്ങള്‍ക്കും അല്‍ ഹംറ സെൻററിെൻറ 8001700 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.
ശാം, അല്‍ ജീര്, ദിഗ് ദാഗ തുടങ്ങി ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വിസിന് പുറമെ ദുബൈ, ഉമ്മുല്‍ഖുവൈന്‍, അജ്മാന് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് ബസ് സര്‍വിസ് ഉള്ളത്. രാവിലെ 5.30 മുതല്‍ രാത്രി 8.30 വരെ ഒന്നര മണിക്കൂര്‍ ഇടവിട്ടാണ് റാക് ടാക്സി സ്റ്റാൻഡില്‍നിന്ന് ദുബൈ ബസ് സര്‍വിസ്.
ദുബൈയില്‍നിന്ന് രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയാണ് റാസല്‍ഖൈമയിലേക്കുള്ള സര്‍വിസ്. രാവിലെ 5.30 മുതല്‍ വൈകീട്ട് അഞ്ച് വരെ ഒന്നര -രണ്ട് മണിക്കൂര്‍ ഇടവിട്ട് ഉമ്മുല്ഖുവൈനിലേക്കും രാവിലെ 5.30 മുതല്‍ വൈകീട്ട് 8.30 വരെ അജ്മാനിലേക്കും റാക് ടാക്സി സ്റ്റാൻഡില്‍നിന്ന് ബസ് സര്‍വിസുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് നിര്‍ത്തിവെച്ച ഷാര്‍ജ, അബൂദബി ബസ് സര്‍വിസുകള്‍ പുനാരാരംഭിച്ചിട്ടില്ല.
25, 10, 15 ദിര്‍ഹമാണ് യഥാക്രമം ദുബൈ, ഉമ്മുല്‍ഖുവൈന്‍, അജ്മാന് ബസ് സര്‍വിസ് നിരക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.