അബൂദബി: യു.എ.ഇ യൂനിവേഴ്‌സിറ്റി കോവിഡുമായി ബന്ധപ്പെട്ട് 204 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. കോവിഡിെൻറ പ്രത്യാഘാതങ്ങളെ ചെറുക്കുന്ന ദേശീയ ശ്രമങ്ങളെ പിന്തുണക്കാൻ പ്രബന്ധങ്ങൾ മുതൽക്കൂട്ടായി. പകർച്ചവ്യാധി വ്യാപന സമയത്ത് ലോകമൊട്ടുക്കും നടന്ന ശാസ്ത്രീയ ഗവേഷണങ്ങളെ ഇത് സഹായിച്ചതായി യു.എ.ഇ സർവകലാശാലയിലെ ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഡോ. അഹമ്മദ് അലി മുറാദ് ചൂണ്ടിക്കാട്ടി.
ആരോഗ്യവും വൈദ്യശാസ്ത്രവും സർവകലാശാലയുടെ മുൻഗണനകളിൽ പെട്ടതാണ്. ശാസ്ത്രീയ ഗവേഷണത്തിലൂടെ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കോവിഡ് പകർച്ചവ്യാധിയെ ചെറുക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിനും ഫാക്കൽറ്റി അംഗങ്ങളും ഗവേഷകരും വിദ്യാർഥികളും സംഭാവന ചെയ്തു. വൈറസിനെ ശരിയായി മനസ്സിലാക്കാനും ഗവേഷണ പദ്ധതികളിലൂടെ വ്യാപനം നിർണയിക്കാനും സഹായിച്ചിട്ടുമുണ്ട്. ഗവേഷകർ, ശാസ്ത്രജ്ഞർ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ എന്നിവരുടെ ശ്രമഫലമായാണ് 204 പ്രബന്ധങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചത്. 2020ൽ പകർച്ചവ്യാധി ആരംഭിച്ചതു മുതൽ 2021 ആഗസ്റ്റ് അവസാനം വരെയാണ് ഇത്രയും പ്രബന്ധങ്ങൾ സമർപ്പിച്ചത്. ലോകത്തിലെ മറ്റു സർവകലാശാലകളും ശാസ്ത്രീയ സ്ഥാപനങ്ങളും പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ 17.2 ശതമാനമാണിത്.
പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ഗവേഷണ സഹകരണം വർധിപ്പിക്കുന്നതിന് യു.എ.ഇ സർവകലാശാല പ്രവർത്തിക്കുന്നുണ്ട്. 85 രാജ്യങ്ങളിലെ ഗവേഷകരും ശാസ്ത്രജ്ഞരും ചേർന്ന് കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങളുടെ ശാസ്ത്ര പ്രസിദ്ധീകരണത്തിൽ യു.എ.ഇ സർവകലാശാലയിലെ ഗവേഷകർ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.