പ്രവാസം സാധ്യമാക്കിയ മലയാളി ഗൾഫ് സാംസ്കാരിക കൈമാറ്റങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘മലയാളി ഗൾഫ്: സാംസ്കാരിക അടയാളങ്ങൾ’. ഗൾഫ് പ്രവാസം കേരളത്തിൽ സാധ്യമാക്കിയ സാമ്പത്തിക വികസനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ ഭാഷ, വേഷം, ദേശം, ഭക്ഷണം, മതം, സാഹിത്യം, ശബ്ദം, തൊഴിൽ, കൂട്ടായ്മകൾ തുടങ്ങി നിരവധി വ്യവഹാരങ്ങൾ നിർണയിക്കുന്ന സാംസ്കാരികം എന്ന സുപ്രധാന ഉള്ളടക്കത്തെ വേണ്ട രീതിയിൽ അടയാളപ്പെടുത്തുന്ന രചനകൾ കുറവാണ്. എഴുത്തുകാരും ഗവേഷകരും അണിനിരക്കുന്ന ഈ ലേഖന സമാഹാരം മലയാളി ഗൾഫിന്റെ സാംസ്കാരിക കലർപ്പിനെ അടയാളപ്പെടുത്തുന്നു.
വി. മുസഫർ അഹമ്മദ്, ഡോ. നിഷ മാത്യു, ഡോ. ഷെഫീക്ക് വളാഞ്ചേരി, പ്രഫ. എം.എച്ച്. ഇല്യാസ്, സെബാസ്റ്റ്യൻ കസ്റ്റലിയർ, കെ.കെ. ബാബുരാജ്, റഫീക്ക് തിരുവള്ളൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരീംഗ്രഫി, ഇ.കെ. ദിനേശൻ, ബഷീർ ഉളിയിൽ, അഫീഫ് അഹ്മദ്, മുഹമ്മദ് ഫർഹാൻ, ഡോ. ഹുദൈഫ റഹ്മാൻ, രൂപേഷ് കുമാർ, എം.സി.എ. നാസർ, അഷ്റഫ് താമരശ്ശേരി, ഡോ. താജ് ആലുവ, ഡോ. വി.എം. മുനീർ, പ്രസന്നൻ കെ.പി, അബ്ദുൽ അസീസ് മഞ്ഞിയിൽ എന്നിവരാണ് രചയിതാക്കൾ. ബോൾഡ് പേജ് പബ്ലിക്കേഷനാണ് പ്രസാധകർ. ഐ.പി.എച്ച് ആണ് വിതരണം.
എഴുത്തുകാരിയും അധ്യാപികയുമായ കണ്ണൂർ സ്വദേശി ജാസ്മിൻ അമ്പലത്തിലകത്തിന്റെ കവിത സമാഹാരമാണ് രാക്കിളിപ്പേച്ച്. ജാസ്മിന്റെ ഏഴാമത്തെ പുസ്തകമാണിത്. പുസ്തകത്തിന്റെ പ്രകാശനം നവംബർ മൂന്നിന് രാത്രി 8.30ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും.
സ്വപ്നത്തിനും യാഥാർഥ്യത്തിനും ഭാവനകള്ക്കുമിടയിലൂടെ കടന്നുപോകുന്നതാണ് ജാസ്മിന്റെ കവിതകൾ. പദങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ചേര്‍ത്തുവെക്കുന്നതിലും ആശയങ്ങള്‍ക്ക് ജന്മസുകൃതം നൽകുന്നതിലും ജാസ്മിന് ശ്രദ്ധാലുവാണ്. നഷ്ടജീവിതദുഃഖങ്ങളുടെ ശവപ്പറമ്പിലേക്കല്ല, എത്തിപ്പിടിക്കാനുളള സുപ്രഭാതത്തിന്റെ പച്ചിലക്കൂട്ടിലേക്കാണ് സത്യങ്ങളെ മുറുകെപ്പിടിച്ച് യാത്ര ചെയ്യുന്നതെന്ന് എഴുത്തുകാരി വിശ്വസിക്കുന്നു.
എഴുത്തിന്റെ ആത്മസംഘര്‍ഷങ്ങളില്‍നിന്ന് തൃപ്തി നേടാന്‍ ശ്രമിക്കുകയാണിവിടെ. ഹൈസ്കൂൾ കാലം തൊട്ടേ എഴുത്തു രംഗത്ത് സജീവമായ ജാസ്മിന് കേരളത്തിൽനിന്നും യു.എ.ഇയിൽ നിന്നും സാഹിത്യ രംഗത്തെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ചിലേറെ മലയാള ആൽബങ്ങളിൽ ഗാനരചന നിർവഹിച്ചു.12 വർഷത്തിലേറെയായി അധ്യാപനജീവിതം തുടരുന്ന ജാസ്മിൻ ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.