ദുബൈ: വിമാനത്തിൽ കയറുമ്പോൾ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന എയർഹോസ്റ്റസുമാരുടെ കാലം കഴിയുകയാണോ?. ഖത്തർ എയർവേസ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പ്രദർശിപ്പിച്ച നിർമിതബുദ്ധി ‘എയർഹോസ്റ്റസിനെ’ കാണുമ്പോൾ അതേയെന്നുതന്നെ പറയേണ്ടിവരും. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് അപ്പപ്പോൾ മറുപടി നൽകുന്നതാണ് ‘സമാ’ എന്നു പേരിട്ടിരിക്കുന്ന ഈ ഹോസ്റ്റസ്.
വിമാനത്തെക്കുറിച്ച ചോദ്യങ്ങൾ മാത്രമല്ല, ഒരു പ്രദേശത്ത് വന്നിറങ്ങുന്ന യാത്രക്കാരന് അവിടെ എന്തെല്ലാം കാഴ്ചകൾ കാണാനുണ്ടാകും എന്നതടക്കം ഈ ‘എ.ഐ മിടുക്കി’ പറഞ്ഞുകൊടുക്കുന്നുണ്ട്.
നിലവിൽ ഖത്തർ തലസ്ഥാനമായ ദോഹയിലെ വിമാനത്താവളത്തിലാണ് സംവിധാനം സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ, ഭാവിയിൽ വിമാനത്തിനകത്തും എ.ഐ എയർഹോസ്റ്റസുമാർ സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ മേഖലകളിലും നിർമിതബുദ്ധി സാങ്കേതികവിദ്യകൾ അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഖത്തർ എയർവേസ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. മാർച്ചിൽ ജർമൻ നഗരമായ ബർലിനിൽ നടന്ന ടൂറിസം മേളയിലാണ് ‘സമാ’ അധികൃതർ പുറത്തിറക്കിയത്.
അടുത്ത വർഷങ്ങളിൽ ആൽ മക്തൂമിൽ നിന്ന് സേവനം തുടങ്ങുമെന്ന് ഫ്ലൈ ദുബൈ
ദുബൈ: അടുത്ത വർഷങ്ങളിൽ തന്നെ ജബൽ അലി ആൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ഓപറേഷൻ ആരംഭിക്കുമെന്ന് ദുബൈ ആസ്ഥാനമായ ഫ്ലൈദുബൈ വിമാനക്കമ്പനിയുടെ സി.ഇ.ഒ ഗൈഥ് അൽ ഗൈഥ് പറഞ്ഞു.
ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തൽ.
നിർമാണം തുടങ്ങാനിരിക്കുന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ഫ്ലൈദുബൈക്ക് വളരാനുള്ള വലിയ സാധ്യതയാണ് തുറന്നിടുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആൽ മക്തൂമിൽ നിന്നും ഓപറേഷനുകളുണ്ടാകും. പിന്നീട് പൂർണമായും ആൽ മക്തൂമിലേക്ക് സർവിസുകൾ മാറും -അദ്ദേഹം കൂട്ടിച്ചേർത്തു.ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കുന്ന രൂപരേഖക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയിരുന്നു.
നിർമാണം പൂർത്തിയാക്കി 10 വർഷത്തിനുള്ളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. 128 ശതകോടി ദിർഹം ചെലവഴിച്ചാണ് ആൽ മക്തൂമിൽ വൻ പാസഞ്ചർ ടെർമിനൽ നിർമിക്കുന്നത്.
ഇത് പൂർത്തിയാകുന്നതോടെയാണ് ഫ്ലൈദുബൈയുടെ ഓപറേഷനുകൾ പൂർണമായും മാറുക. കഴിഞ്ഞ മാസത്തെ മഴക്കെടുതിയിൽ വിമാനങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഗൈഥ് അൽ ഗൈഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.