ദുബൈ: ഗൾഫിന്റെ ലോകകപ്പ് എന്ന വിശേഷണവുമായെത്തുന്ന ഖത്തർ ലോകകപ്പിന്റെ ഭാഗമായി ദുബൈയിലെത്തുന്ന ഫാൻസിനെ സ്വീകരിക്കാൻ ദുബൈ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഒരുക്കങ്ങൾ സജീവമാക്കി. ഇതുസംബന്ധിച്ച് വിലയിരുത്താൻ ഇവന്റ് സുരക്ഷ സമിതി (ഇ.എസ്.സി) യോഗം ചേർന്നു. ഫാൻസിന് സുരക്ഷയൊരുക്കാൻ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ യോഗം തീരുമാനിച്ചു. ദുബൈ സ്പോർട്സ് കൗൺസിൽ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് സുരക്ഷയൊരുക്കുന്നത്.
വിവിധ രാജ്യങ്ങളിലുള്ളവർ എത്തുന്നതിനാൽ അതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വിവിധ ഭാഷകൾ സംസാരിക്കുന്നവരും പല സംസ്കാരങ്ങളിൽനിന്ന് വരുന്നവരുമാണ്. ദുബൈയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സന്ദർശകരെ കൈകാര്യം ചെയ്യുന്ന ട്രാക്ക് റെക്കോഡുകളുമെല്ലാം ഉപകാരപ്പെടും. ഇത് ഖത്തറിന് സഹായകരമാകും. മത്സരങ്ങൾ കാണാൻ ദുബൈയിൽനിന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആരാധകരെ സ്വാഗതംചെയ്യാൻ വ്യോമയാന, ഹോസ്പിറ്റാലിറ്റി മേഖല സജ്ജമാണ്. നഗരത്തിലുടനീളമുള്ള ഫാൻസ് സോണുകളിലും സുരക്ഷ സേനയെ വിന്യസിക്കും. ദുബൈയിൽ എത്തുന്നവർക്ക് ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യും. രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഇതിൽ ചൂണ്ടിക്കാണിക്കും. ദുബൈയിൽനിന്ന് ഖത്തറിലെത്തി മത്സരം കണ്ട് മടങ്ങുന്നവർ ഫാൻസ് സോണിലും എത്തുമെന്നാണ് പ്രതീക്ഷ. ഇവിടെ സന്ദർശകർക്ക് പ്രത്യേക സുരക്ഷയൊരുക്കും. മേഖലയിലെ ആദ്യ ഫുട്ബാൾ ലോകകപ്പ് വിജയകരമാക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും അതിന് ദുബൈ പൊലീസ് സജ്ജമാണെന്നും പ്രൊട്ടക്ടിവ് സെക്യൂരിറ്റി ആൻഡ് എമർജൻസി ജനറൽ ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അലി അൽഗൈതി പറഞ്ഞു. ദുബൈ എക്കോണമി ആൻഡ് ടൂറിസം വകുപ്പും ഒരുക്കങ്ങൾ സജീവമാക്കിയതായി യോഗത്തെ അറിയിച്ചു. എമിറേറ്റ്സ്, ൈഫ്ലദുബൈ ഉൾപ്പെടെയുള്ള എയർലൈനുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഖത്തർ ലോകകപ്പിന്റെ ഹയാ കാർഡുള്ളവർക്ക് യു.എ.ഇ 90 ദിവസത്തെ മൾട്ടിപ്പ്ൾ എൻട്രി വിസ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇഷ്ടമുള്ള സമയത്ത് യു.എ.ഇയിലെത്താനും മടങ്ങാനും കഴിയും. ദുബൈയിൽനിന്ന് ദോഹയിലേക്ക് വിമാനത്തിൽ 45 മിനിറ്റ് മാത്രം മതിയെന്നിരിക്കെ ഓരോ മത്സരവും കണ്ട് തിരിച്ചെത്തി യു.എ.ഇയിൽ തങ്ങാൻ ഫാൻസിന് കഴിയും. ലോകകപ്പ് നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിലേക്ക് യു.എ.ഇയിലെ ഹോട്ടൽ ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു. അർജന്റീന, ബ്രസീൽ അടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ ബുക്കിങ് എന്ന് ഹോട്ടൽ അധികൃതർ വെളിപ്പെടുത്തിയിരുന്നു. യു.എ.ഇയിൽനിന്ന് ദിവസേന ഖത്തറിലേക്ക് ഷട്ട്ൽ സർവിസ് ഏർപ്പെടുത്തുന്നുണ്ട്. ദുബൈയിൽനിന്ന് ൈഫ്ല ദുബൈ പ്രതിദിനം 60 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതുവഴി ദിവസേന 2700 കാണികൾ ഖത്തറിലെത്തും. ഇത്തിഹാദും എയർ അറേബ്യയും ഖത്തർ എയർവേസുമെല്ലാം ഫുട്ബാൾ ഫാൻസുമായി ദോഹയിൽ പറന്നിറങ്ങും. ലോകകപ്പ് കാലത്ത് ഇന്ത്യയിൽനിന്ന് എയർ ഇന്ത്യ കൂടുതൽ സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.