ദുബൈ: തണുപ്പുകാലം ഏറിയതോടെ ക്വാഡ് ബൈക്കുകളുമായി മരുഭൂമി താണ്ടാനെത്തുന്നവർക്ക് നിർദേശങ്ങളുമായി ദുബൈ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ആർ.ടി.എയുടെ സഹകരണത്തോടെ ബോധവത്കരണ കാമ്പയിൻ തന്നെ ലോഞ്ച് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ വർഷം അൽ അവീറിലെ 33 ക്യാമ്പുകൾ സന്ദർശിച്ച് 18 പേരിൽ നിന്ന് പിഴ ഈടാക്കി എന്ന് വ്യക്തമാക്കിയ പൊലീസ് ഇത്തവണയും ശക്തമായ പരിശോധന ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്നു. ക്വാഡ് ബൈക്കുകളും മോട്ടോർ സൈക്കിളുകളും വാടകക്ക് കൊടുക്കുന്നവർക്കാണ് പ്രധാനമായും നിർദേശങ്ങൾ നൽകുന്നത്. 16 വയസിൽ താഴെയുള്ളവർക്ക് ഇവ നൽകരുത്. അതേസമയം, അവരുടെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ക്വാഡ് ബൈക്കോ ബഗികളോ നൽകാം. വാടകക്കെടുക്കുന്നവരുടെ പേര്, നാട്, വയസ് എന്നിവ രേഖപ്പെടുത്തണം.
അഗ്നിരക്ഷ ഉപകരണങ്ങളും പ്രഥമ സുശ്രൂഷ നൽകാൻ ആവശ്യമായ വസ്തുക്കളും വാഹനത്തിൽ കരുതണം. സുരക്ഷ മുൻകരുതൽ ഉൾപെടുത്തിയ പുസ്തകം ഉപഭോക്താക്കൾക്ക് നൽകണം. എല്ലാ വിഭാഗത്തിൽപെട്ട വാഹനങ്ങളുടെയും നിരക്കുകൾ വെളിപ്പെടുത്തണം. പരിസ്ഥിതി സുരക്ഷയും വ്യക്തികളുടെ സുരക്ഷയും പാലിക്കാതെ വാഹനങ്ങൾ വാടകക്ക് നൽകിയാൽ 500 ദിർഹം പിഴ അടക്കേണ്ടി വരും. ലൈസൻസില്ലാത്തതോ കാലഹരണപ്പെട്ടതോ ആയ ക്വാഡ് ബൈക്ക് ഓടിക്കുകയോ ലൈസൻസ് പ്ലേറ്റ് വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കുകയോ ചെയ്താൽ 500 ദിർഹമാണ് പിഴ. ഇൻഷ്വറൻസ് പുതുക്കിയില്ലെങ്കിലും 500 ദിർഹം പിഴ അടക്കേണ്ടി വരും.
അനധികൃതമായി രൂപമാറ്റം വരുത്തിയാൽ 2000 ദിർഹം പിഴ. കൃത്രിമമായി സ്പീഡ് വർധിപ്പിക്കൽ, ശബ്ദ മാറ്റം വരുത്തൽ, എൻജിനിൽ മാറ്റം വരുത്തൽ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.