ദുബൈ: ക്വാറൻറീൻ എന്നാൽ 'കപ്പൽവിലക്ക്' എന്നാണർഥം. പകര്‍ച്ചവ്യാധി ബാധിച്ചവരുമായെത്തുന്ന കപ്പലിനെ കരയുമായി ബന്ധിപ്പിക്കാതെ വിലക്കേർപ്പെടുത്തുന്നതിനെയാണ് യഥാർഥത്തിൽ 'ക്വാറൻറീൻ' എന്ന് വിളിക്കുന്നത്.
കോവിഡ് ബാധിച്ചവരെ മാറ്റിപ്പാർപ്പിക്കാൻ ലോകം ഏറ്റെടുത്തത് ഈ വാക്കായിരുന്നു. എന്നാൽ, ഒരു പകർച്ചവ്യാധിയുമില്ലാതെ നാലു വർഷമായി കപ്പലിലെ യഥാർഥ ക്വാറൻറീനിൽ കഴിഞ്ഞ അഞ്ച് പേരുണ്ട് യു.എ.ഇയിൽ. മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്താനിയും ഒരു മ്യാന്മർ സ്വദേശിയും. ഒടുവിൽ അവർക്ക് ആശ്വാസയാത്രയൊരുങ്ങുന്നു.
ഉടമെക്കതിരായ കേസും ശമ്പളമില്ലായ്മയുംമൂലം നാലു വർഷമായി കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരായ വിനയ് കുമാർ, നിർമൽ സിങ് ബോറ, മോൻചാന്ദ ശൈഖ്, പാകിസ്താൻ എൻജിനീയർ റിയാസത് അലി, മ്യാന്മറിൽനിന്നുള്ള ചീഫ് എൻജിനീയർ നായ് വിൻ എന്നിവരാണ് ഈ ആഴ്ച നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. നാട് മുഴുവൻ ചുറ്റിക്കറങ്ങിയശേഷം ജനുവരി 21ന് ഉമ്മുൽഖുവൈനിൽ കപ്പലടിഞ്ഞതോടെയാണ് ഇവരുടെ നല്ലരാശി തെളിഞ്ഞത്.
നാലുവർഷം മുമ്പ് കപ്പലുടമയായ ആൽകോ ഷിപ്പിങ് കമ്പനി കടക്കെണിയിലായതോടെയാണ് ഇവരുടെ ദുരിതജീവിതം ആരംഭിക്കുന്നത്. ഉടമക്കെതിരായ കേസും ശമ്പളമില്ലായ്മയും തീരദേശ നിയമങ്ങളും പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞതും ഒന്നിനുപിറകെ ഒന്നായി വന്നപ്പോൾ 5000 ടൺ ഭാരമുള്ള എം.ടി ഐ.ബി.എ എന്ന കപ്പലിലേക്ക് ചുരുങ്ങി ഇവരുടെ ജീവിതം. കടലിൽ കുടുങ്ങുന്നവരെ സഹായിക്കുന്ന സന്നദ്ധ സംഘടനകൾ എത്തിക്കുന്ന ഭക്ഷണം മാത്രമായിരുന്നു ഏക ആശ്രയം. ശമ്പള വിഷയത്തിൽ തീർപ്പുണ്ടാകാതെ കപ്പലിൽ നിന്നിറങ്ങില്ല എന്ന വാശിയും ഇവർക്കുണ്ടായിരുന്നു. നാല് വർഷം നാടുമുഴുവൻ കറങ്ങിയ ഇവർ നാലു മാസം മുമ്പ് ഉമ്മുൽഖുവൈൻ കൈറ്റ് ബീച്ചിൽ കുടുങ്ങി.
എന്നാൽ, കരയോളമെത്തിയിട്ടും മണ്ണിൽ ചവിട്ടാൻ വിധിയുണ്ടായില്ല. പാസ്പോർട്ടില്ലാത്തതും നിയമതടസ്സങ്ങളുമായിരുന്നു വെല്ലുവിളി. കപ്പൽ നീക്കണമെന്ന് അധികൃതർ ആവശ്യപെട്ടെങ്കിലും അനിശ്ചിതമായി നീണ്ടു. ഒടുവിൽ സന്നദ്ധസംഘടനകൾ ഇടപെട്ട് അൽകോ ഷിപ്പിങ്ങിെൻറ പ്രതിനിധികളെ ഉമ്മുൽ ഖുവൈനിൽ എത്തിച്ചു.
കപ്പൽ ഏറ്റെടുക്കാൻ തയാറാണെന്ന് ഷാർക് പവർ മറൈൻ എന്ന കമ്പനി അറിയിച്ചു. കപ്പൽ വിറ്റുകിട്ടുന്ന തുകയിൽനിന്ന് ശമ്പള കുടിശിക നൽകാമെന്ന് അൽകോ ഷിപ്പിങ്ങും സമ്മതിച്ചു. 1,70,000 ഡോളർ ഇവർക്ക് നൽകാമെന്നാണ് കരാർ. കിട്ടാനുള്ള തുകയുടെ 80 ശതമാനം വീതം ഓരോരുത്തർക്കും ലഭിക്കും. എത്രയും വേഗം നാടണയണമെന്ന് മാത്രമാണ് ഇവരുടെ ആഗ്രഹം.
ഇവർ ശാരീരികമായും മാനസികമായും ക്ഷീണിതരാണ്. മിഷൻ സീെഫയറേഴ്സ് ചാരിറ്റിയുടെ നേതൃത്വത്തിൽ ഇവർക്ക് കൗൺസിലിങ് നൽകുന്നുണ്ട്.അമരക്കാരനും അസിസ്റ്റൻറുമാരുമടക്കം അഞ്ചു പേരും ഈ ആഴ്ചതന്നെ നാട്ടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.