ദുബൈ: വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ യു.എ.ഇയിലെ സ്വീഡിഷ് അംബാസഡർ ലിസലോട്ട് ആൻഡേഴ്സനെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഖുർആൻ അവഹേളന സംഭവത്തിൽ അംബാസഡറെ വിളിച്ചുവരുത്തി യു.എ.ഇ പ്രതിഷേധമറിയിക്കുന്നത്. നിരീശ്വരവാദിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇറാഖി പൗരന് വ്യാഴാഴ്ച ഖുർആൻ കത്തിക്കാൻ സ്വീഡിഷ് അധികൃതർ അനുമതി നൽകിയിരുന്നു.
ഇയാൾ ഇറാഖ് എംബസിക്ക് മുന്നിലെത്തി ഖുർആൻ കത്തിച്ചില്ലെങ്കിലും അവഹേളിക്കുന്ന രീതിയിൽ പെരുമാറുകയുണ്ടായി. ഈ സാഹചര്യത്തിലാണ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. സ്വീഡൻ തുടർച്ചയായി ഖുർആൻ അവഹേളനത്തിന് അനുമതി നൽകുന്നതിൽ ശക്തമായ പ്രതിഷേധമാണ് വിദേശകാര്യ മന്ത്രാലയം കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം സ്റ്റോക്ഹോമിലെ പള്ളിക്ക് പുറത്ത് ഒരാൾ അധികൃതരുടെ അനുമതിയോടെ ഖുർആൻ കത്തിച്ചിരുന്നു. ഈദുൽ അദ്ഹ സമയത്ത് നടന്ന ഈ സംഭവത്തിൽ പ്രതിഷേധമറിയിക്കാനാണ് നേരത്തെ അംബാസഡറെ വിളിച്ചുവരുത്തിയത്. ഖുർആൻ അവഹേളിച്ച സംഭവത്തിൽ വിവിധ അറബ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.