ദുബൈ: പൊതുഗതാഗത സംവിധാനവും ഗതാഗത സുരക്ഷയും കുറ്റമറ്റതും കാര്യക്ഷമവുമാക്കി തീർക്കുന്ന ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പതിറ്റാണ്ടിെൻറ നിറവിൽ. 15ാം വാർഷികാഘോഷം വൈവിധ്യങ്ങളായ പദ്ധതികളാവിഷ്കരിച്ച് നവംബർ ഒന്നിന് ആചരിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ അറിയിച്ചു. 15 വർഷക്കാലമെന്ന ദുബൈ ആർ.ടി.എയുടെ കാലഘട്ടം വലിയ വിജയങ്ങളാൽ അടയാളപ്പെടുത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിന് അടിസ്ഥാന വികസന സൗകര്യങ്ങൾ ഉറപ്പുവരുത്താനും ലോകോത്തര മാതൃകകൾ ഗതാഗത സംവിധാനങ്ങളിലുൾപ്പെടുത്താനും കഴിഞ്ഞതിലൂടെ വലിയ മാറ്റങ്ങൾക്കാണ് ദുബൈ നഗരപാതകൾ സാക്ഷ്യംവഹിച്ചിരിക്കുന്നത്.
ബഹുജന ഗതാഗത സംവിധാനങ്ങൾ, കാൽനട സൗകര്യങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവ നിർമിക്കുകയും നിരവധി തന്ത്രപരമായ പ്രോജക്ടുകൾ നടത്തി നെറ്റ്വർക്കുകൾ വിപുലമാക്കുകയും പൊതുഗതാഗത സേവനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതിൽ ആർ.ടി.എ മികച്ച വിജയമാണ് സ്വന്തമാക്കിയത്. സുസ്ഥിരത ഉറപ്പുവരുത്തി പൊതുഗതാഗത സേവനങ്ങളിൽ മാതൃകപരമായ മാറ്റം കൊണ്ടുവരാൻ ആർ.ടി.എ നടത്തിയ ശ്രമങ്ങളുടെ വിജയമാണ് ദുബൈ മെട്രോ, ദുബൈ ട്രാം, മെച്ചപ്പെട്ട ബസ്, അത്യാധുനിക ബസ് സ്റ്റേഷനുകൾ, സമുദ്ര ഗതാഗത സേവനങ്ങൾ എന്നിവ. ഒപ്പം റോഡുകൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ, കാൽനടപ്പാതകൾ എന്നിവയുടെ നിർമാണത്തിൽ പ്രതിഫലിക്കുന്ന സ്മാർട്ട് സാങ്കേതികവിദ്യകളും നൂതന അപ്ലിക്കേഷനുകളും ആർ.ടി.എയുടെ പുതിയ കാൽവെപ്പുകളുടെ തെളിവാണ്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഡെപ്യൂട്ടി റൂളറും എക്സിക്യൂട്ടിവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ വിലമതിക്കാനാവാത്ത പിന്തുണയും ആർ.ടി.എയുടെ പ്രോജക്ടുകളുടെ നിരന്തരമായ രക്ഷാകർതൃത്വവുമാണ് ഇൗ വിജയത്തിനു പിന്നിലെന്നും അത്തരം പിന്തുണ നിർണായകമാണെന്നും അഭിപ്രായപ്പെട്ട മതാർ അൽ തായർ നന്ദിയും അറിയിച്ചു.
ഉയർന്ന നിലവാരമുള്ള റോഡുകളും ഗതാഗതത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇന്ന് ദുബൈയിലുണ്ട്. 2019 അവസാനത്തോടെ റോഡ് ശൃംഖലയുടെ ആകെ ദൈർഘ്യം 8715 കിലോമീറ്റർ പാതകളുമായി താരതമ്യം ചെയ്യുമ്പോൾ 18,000 കിലോമീറ്ററായി ഉയർന്നു. അതുപോലെ, കാൽനട പാലങ്ങളുടെ എണ്ണം 2006ൽ 13 എണ്ണമായിരുന്നുവെങ്കിൽ കാൽനട പാലങ്ങളും അണ്ടർപാസ് ബ്രിഡ്ജുകളുമുൾപ്പെടെ ഇപ്പോൾ 119 ആയി. സൈക്ലിങ് ട്രാക്കുകളുടെ ആകെ ദൈർഘ്യം 425 കിലോമീറ്ററാണ്.
2006ൽ വെറും 10 കിലോമീറ്ററായിരുന്നു ഇത്. ലോകമെമ്പാടുമുള്ള റോഡുകളുടെ ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2013-2017 കാലത്ത് തുടർച്ചയായി ഒന്നാം സ്ഥാനത്തും റോഡുകളുടെയും ഹൈവേകളുടെയും സൂചികയിൽ 2020ൽ ഒന്നാം റാങ്കിലുമെത്തിക്കുന്നതിൽ ഈ മെച്ചപ്പെടുത്തലുകൾ യു.എ.ഇക്ക് നിർണായക സംഭാവനകളാണ് നൽകിയത്.
പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം 2006ലെ ആറു ശതമാനത്തിൽനിന്ന് മുതൽ 2019ൽ 18 ശതമാനത്തിൽ എത്തിക്കാനും ആർ.ടി.എക്ക് കഴിഞ്ഞു. 11 വർഷം പൂർത്തിയാക്കിയ ദുൈബ മെട്രോ 1.6 ബില്യൺ റെയ്ഡുകളാണ് നടത്തിയത്. യാത്രകളുടെ സമയനിഷ്ഠ 99.7 ശതമാനം നിരക്ക് ഉറപ്പുവരുത്താനും ദുബൈ മെട്രോക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.