ഷാർജ: ഇന്ത്യയുടെ യശസ്സ് ലോകത്തോളം ഉയർത്തിയ സംഗീത പ്രതിഭ എ.ആർ. റഹ്മാനുള്ള ആദരമായി ഗൾഫ് മാധ്യമം ‘കമോൺ കേരള’യുടെ ഉദ്ഘാടന ദിവസത്തിലെ സംഗീത വിരുന്ന്. ക്ലാസിക്കുകളും ഫാസ്റ്റ് നമ്പറുകളും സൂഫി സംഗീതവുമെല്ലാമായി റഹ്മാൻ സംഗീതത്തിന്റെ വൈവിധ്യവും സൗന്ദര്യവും വിളിച്ചോതുന്നതായി എ.ആർ റഹ്മാന്റെ മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ‘റഹ്മാനിയ’.
ദൈവത്തെ വണങ്ങിത്തുടങ്ങാം എന്ന് കരുതിയപോലെ ‘ആടുജീവിത’ത്തിലെ ‘പെരിയോനേ, റഹ്മാനേ...’ എന്ന ഗാനവുമായായിരുന്നു തുടക്കം. ജാസിം ജമാലും മീരയും ഗംഭീരമായി പാടി. ദേശീയ പുരസ്കാരം നേടി റഹ്മാൻ വരവറിയിച്ച ‘റോജ’യിലെ ചിന്ന ചിന്ന ആസൈ’ എന്ന ഗാനമായിരുന്നു അടുത്തത്.
തുടർന്നങ്ങോട്ട് വിവിധ ഭാഷകളിലെ റഹ്മാൻ സംഗീതത്തിന്റെ താളം പിഴക്കാത്ത ഒഴുക്കായിരുന്നു. ചിലപ്പോൾ നേർത്തുപെയ്യുന്ന ചാറ്റൽ മഴ പോലെയും ചിലപ്പോൾ കുളിരുള്ള മഞ്ഞുപോലെയും ചിലപ്പോൾ ഇടിയും മിന്നലുമുള്ള പേമാരിയായും സംഗീതം പെയ്തിറങ്ങി. റഹ്മാൻ വേറെ ലെവലാക്കിയ ‘വന്ദേ മാതരം’ പാട്ട് നിഖിൽ പ്രഭയുടെ നേതൃത്വത്തിൽ പാടിക്കേട്ടപ്പോൾ സദസ്യർ ഇന്ത്യയെന്ന വികാരത്താൽ രോമാഞ്ചം കൊണ്ടു.
അത് കെട്ടടങ്ങുംമുമ്പ് ‘ജയ്ഹോ’ എത്തി. വേദമിത്ര വയലിനിൽ വിസ്മയം തീർത്തപ്പോൾ സദസ്സ് ഹർഷാരവം മുഴക്കി. റഹ്മാൻ ആദ്യമായി മലയാളത്തിൽ സംഗീതം നൽകിയ ‘യോദ്ധാ’യിലെ ‘പടകാളി ചണ്ടിച്ചങ്കിരി...’ എന്ന ഗാനം വൈഷ്ണവ് ഗിരീഷ്, ജാസിം എന്നിവർ പാടിയത് അടുത്തിടെ അന്തരിച്ച ചലച്ചിത്ര സംവിധായകൻ സംഗീത് ശിവന് കൂടിയുള്ള ആദരമായി. രേഷ്മ രാഘവേന്ദ്ര, മീര, മുഹമ്മദ് അഫ്സൽ, റാമു, സംഗീത പ്രഭു, അക്ബർ ഖാൻ എന്നിവരും നിരവധി റഹ്മാൻ ഗാനങ്ങളുമായി വേദിയെ ധന്യമാക്കി. ഹിറ്റ് എഫ്.എം ആർ.ജെ അർഫാസായിരുന്നു അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.