ദുബൈ: രാജ്യത്ത് താപനില 50 ഡിഗ്രിയിലേക്ക് കടന്നിരിക്കെ ചിലയിടങ്ങളിൽ ആശ്വാസമായി മഴ. അൽ ഐനിലെ ഖതം അൽശിക്ല, ഷാർജയിലെ അൽ ദൈദ്, ന്യൂ ഖോർഫക്കാൻ റോഡ് എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ഞായറാഴ്ച അടയാളപ്പെടുത്തിയത്.
ഖതം അൽശിക്ലയിൽ മഴയോടൊപ്പം ആലിപ്പഴ വർഷവുമുണ്ടായതായി യു.എ.ഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. ഖോർഫക്കാൻ റോഡിൽ ദൈദിലേക്കുള്ള പാതയിൽ ഇടത്തരം മുതൽ കനത്ത മഴ വരെയാണ് ലഭിച്ചത്. ഇടത്തരം മഴ ഷാർജയിലെ മലീഹയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മൺസൂൺ സീസണിന്റെ പ്രതിഫലനം എന്ന നിലയിലാണ് ജൂണിൽ യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ ലഭിക്കുന്നത്. അതേസമയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കനത്ത ചൂട് തന്നെയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ പൊടിക്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ രാജ്യത്ത് മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.വെള്ളിയാഴ്ച അബൂദബി അൽ ദഫ്റയിലെ മസൈറയിൽ ഈ സീസണിലെ രാജ്യത്തെ ഏറ്റവും ശക്തമായ ചൂട് രേഖപ്പെടുത്തിയിരുന്നു. 49.9 ഡിഗ്രിയാണ് വെള്ളിയാഴ്ച ഉച്ച 3.15ന് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 49 ഡിഗ്രിക്ക് മുകളിൽ താപനിലയും 90 ശതമാനത്തിന് മുകളിൽ ഹ്യുമിഡിറ്റിയും പ്രവചിച്ചിരുന്നു.
ജൂലൈ പകുതിയോടെ തുടങ്ങി ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടാറുള്ളത്. കനത്ത ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും കൂടുതൽ വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.