ദുബൈ: രാജ്യത്ത് കടുത്ത വേനൽക്കാലം അവസാനിക്കാനിരിക്കെ, ചില ഭാഗങ്ങളിൽ ബുധനാഴ്ച മഴ ലഭിച്ചു. അബൂദബിയിലും റാസൽഖൈമയിലും ചില ഭാഗങ്ങളിലാണ് മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തേ കാലാവസ്ഥ വകുപ്പ് ചില ഭാഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാണ് മഴയും മണിക്കൂറിൽ 40 കി.മീറ്റർ വേഗത്തിൽ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. അതേസമയം, ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ താപനില 49.6 ഡിഗ്രിയാണ്.
അതേസമയം, വരുംദിവസങ്ങളിൽ രാജ്യത്ത് പല ഭാഗങ്ങളിലും ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രൈവർമാർ, പ്രത്യേകിച്ച് ദുബൈ -അബൂദബി റൂട്ടിൽ, ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്തെ മലയോര മേഖലയിൽ ഇടവിട്ട സമയങ്ങളിൽ മഴ ലഭിച്ചിരുന്നു. അസ്ഥിര കാലാവസ്ഥ ചൂടുകാലം അവസാനിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.മാറുന്ന കാലാവസ്ഥ സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി പാലിക്കാൻ ശ്രദ്ധവേണമെന്നും അധികൃതർ ഡ്രൈവർമാരെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.