ദുബൈ: കടുത്തവേനലിലും രാജ്യത്ത് കുടവിൽപനയിൽ റെക്കോഡ് വർധന. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും അപ്രതീക്ഷിതമായ മഴക്ക് സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ തുടർച്ചയായ പ്രവചനമാണ് വിപണിയിൽ പ്രതിഫലിച്ചത്. സാധാരണ വേനൽക്കാലം വരുന്നതോടെ കടകളിൽ കുടവിൽപന കുറയാറുണ്ടെങ്കിലും പതിവിൽനിന്ന് വിപരീതമായി ഇത്തവണ അഭൂതപൂർവമായ വിൽപനയാണ് നടന്നതെന്നാണ് വിലയിരുത്തൽ.
ഇത്തവണ കൂടുതൽ അസ്ഥിരമായ കാലാവസ്ഥയാണ് യു.എ.ഇയിലുടനീളം അനുഭവപ്പെടുന്നത്. മിക്ക ദിവസങ്ങളിൽ പൊടിക്കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കടുത്ത ചൂടിലും ഈർപ്പമുള്ള കാലാവസ്ഥയാണ് തുടരുന്നത്. രണ്ടാഴ്ചമുമ്പ് മാധ്യമങ്ങളിലൂടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പ് പുറത്തുവന്നപ്പോൾ പ്രതിദിനം 20 ലധികം കുടകൾ വിറ്റുപോയതായി ഷാർജയിലെ അനസ് മാളിന്റെ സൂപ്പർ വൈസർ അജാസ് അഹമ്മദ് പറഞ്ഞു.
ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും മാർക്കറ്റുകളിലും നടക്കാനിറങ്ങുന്നവരാണ് കൂടുതലായും കുട ഉപയോഗിക്കുന്നത്. അസ്ഥിര കാലാവസ്ഥ പ്രവചനം ജനങ്ങൾ ഗൗരവമായി കാണുന്നുണ്ടെന്നും സ്ത്രീകൾ ഉൾപ്പെടെ കൂടുതൽപേരും കുട സൂക്ഷിക്കുന്നതായും അഹമ്മദ് പറഞ്ഞു. ബാഗുകളിൽ എളുപ്പത്തിൽ സൂക്ഷിക്കാവുന്ന രീതിയിലുള്ള 3ഫോൾഡ്, 4ഫോൾഡ്, 5ഫോൾഡ് പോക്കറ്റ് കുടകൾ വിപണിയിൽ ലഭ്യമാണെങ്കിലും 3ഫോൾഡ് കുടകൾക്കാണ് ഡിമാൻഡ് കൂടുതൽ. കുട്ടികൾക്കുള്ള ഫാൻസി കുടകളുടെ വിൽപനയും കൂടിയിട്ടുണ്ട്. എട്ട് ദിർഹം മുതൽ 14 ദിർഹം വരെയാണ് കുടകളുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.