ഫുജൈറ: രാജ്യത്താകമാനം ചൂട് കനക്കുന്നതിനിടെ ചിലയിടങ്ങളിൽ ആശ്വാസ മഴ. ഫുജൈറ എമിറേറ്റിലെ പർവത മേഖലയിൽ ഞായറാഴ്ച രാവിലെ മുതൽ ചെറിയ മഴ ലഭിച്ചു. കിഴക്കൻ തീരപ്രദേശങ്ങളിൽ ഞായറാഴ്ച ചെറിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വെളിപ്പെടുത്തിയിരുന്നു. ഫുജൈറ നഗരത്തിൽ ചിലയിടങ്ങളിൽ മഴ പെയ്യുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും, വടക്ക് പടിഞ്ഞാറ് ദിശയിൽ 40 കി.മീ വേഗത്തിൽ കാറ്റ് വീശുമെന്നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചുകൊണ്ട് നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പുറം ജോലികൾ ചെയ്യുന്നവരും മറ്റും ജാഗ്രതപാലിക്കാനും അഭ്യർഥിച്ചിരുന്നു. പുലർച്ചെ ഒന്നു മുതൽ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും ചില സമയങ്ങളിൽ തിരമാലകൾ ആറടി വരെ ഉയരുമെന്നും തിങ്കളാഴ്ച പുലർച്ചെ ഒരു മണി വരെ ഇത് നീളുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റാസൽ ഖൈമയിലെ അൽ ഹിബിൻ പർവതത്തിൽ രേഖപ്പെടുത്തിയ 26.1 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ കഴിഞ്ഞ ദിവസത്തെ ഏറ്റവും കുറഞ്ഞ താപനില. നേരിയതോ മിതമായതോ ആയ കാറ്റ്, ഇടക്കിടെ രാജ്യത്ത് വീശുമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ റോഡുകളിൽ ദൃശ്യത കുറയാനും കാരണമാകും.
അബൂദബിയിലും ദുബൈയിലും യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 43 ഡിഗ്രി സെൽഷ്യസും വരെയാണ് താപനില. പർവതങ്ങളിൽ ഈർപ്പം 15 ശതമാനം വരെ താഴാനും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനം വരെ ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.