ദുബൈ: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ശനിയാഴ്ച വൈകുന്നേരം മഴ ലഭിച്ചു. ദുബൈയുടെ ഹൃദയഭാഗമായ ടൗൺടീൺ അടക്കം പ്രധാന ഭാഗങ്ങളിൽ മഴ പെയ്യുന്ന ദൃശ്യങ്ങൾ നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതോടൊപ്പം ഷാർജ, റാസൽഖൈമ, അൽഐൻ, ഉമ്മുൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലും ചാറ്റൽ മഴയും ഇടത്തരം മഴയും ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച മുതൽ രാജ്യത്ത് വീണ്ടും മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റുകളെ ബാധിക്കുന്ന ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കണമെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്.
ഉപരിതല ന്യൂനമർദം കാരണമാണ് രാജ്യത്ത് വേനൽക്കാലം ശക്തമാകാനിരിക്കെ വീണ്ടും മഴയെത്തുന്നത്. അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെങ്കിലും അപകടകരമായ സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച ചില സ്ഥലങ്ങളിൽ മഴ ലഭിച്ചേക്കാം. മിക്ക പ്രദേശങ്ങളും മേഘാവൃതവുമായിരിക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇടിമിന്നലോടെ മഴ പ്രവചിക്കപ്പെടുന്നുണ്ട്.
രാത്രിയിൽ മഴ സാധ്യത 80ശതമാനമാണെന്ന് മുന്നറിപ്പിൽ പറയുന്നു. ചൊവ്വാഴ്ചയും ഇടിമിന്നലും ചെറിയ മഴയും തുടർന്നേക്കും. അതോടൊപ്പം താപനിലയിലും കുറവ് രേഖപ്പെടുത്തും. അടുത്ത ആഴ്ചയിൽ വളരെ വേഗത്തിൽ കാലാവസ്ഥമാറ്റം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.