ദുബൈ: കൊടും ചൂടിനിടയിൽ യു.എ.ഇയിൽ ശനിയാഴ്ച മുതൽ മൂന്നുദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ ഇത് നീണ്ടുനിന്നേക്കും. ഇതുമൂലം പൊടിക്കാറ്റുണ്ടാവാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് മഴക്ക് സാധ്യത. വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ തിങ്കളാഴ്ചയായിരിക്കും കൂടുതൽ മഴ. പ്രളയമുണ്ടായ സാഹചര്യത്തിൽ താമസക്കാരും കച്ചവടക്കാരും യാത്രക്കാരുമെല്ലാം ജാഗ്രത പാലിക്കണം.
കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ ഏഴുപേരാണ് മരിച്ചത്. 800ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു. ദശാബ്ദത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജൂലൈയാണ് കടന്നുപോയത്. അതേസമയം, വീണ്ടും മഴക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ട് വന്നതോടെ വിവിധ വകുപ്പുകൾ സംയുക്ത യോഗം ചേർന്നു. ദേശീയ ദുരന്തനിവാരണ സമിതി, പ്രതിരോധ-ആഭ്യന്തര മന്ത്രാലയം, എല്ലാ എമിറേറ്റുകളിലെയും പൊലീസ് ഡയറക്ടർമാർ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, അടിസ്ഥാന വികസന-ഊർജ മന്ത്രാലയം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അധികൃതർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ മൂന്നുദിവസങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ വെള്ളിയാഴ്ച ചൂടിന് നേരിയ കുറവുണ്ടായി. കഴിഞ്ഞ ദിവസം 50.6 ഡിഗ്രി റിപ്പോർട്ട് ചെയ്ത അൽ ഐനിലെ സ്വെയ്ഹാനിൽ വെള്ളിയാഴ്ച 48.2 ഡിഗ്രിയായിരുന്നു ചൂട്. ഏറ്റവും കൂടുതൽ ചൂട് ഉമ്മുൽ അസിമുലിലാണ് (48.9 ഡിഗ്രി). ദുബൈയിൽ ശരാശരി 41 ഡിഗ്രിയായിരുന്നു ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.