ദുബൈ: കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് പലയിടങ്ങളിലും ഒരാഴ്ചയായി തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ആരോഗ്യ ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് വിദഗ്ധർ. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം ഏറിയും കുറഞ്ഞും വെള്ളക്കെട്ടുകളുണ്ട്. ഷാർജയിലെ ചില സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾക്ക് കഴിഞ്ഞ ദിവസം നിറവ്യത്യാസവും കാണപ്പെട്ടിട്ടുണ്ട്.
വെള്ളം വറ്റിച്ച് പ്രയാസം നീക്കാൻ അധികൃതർ വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മൂന്നോ നാലോ ദിവസം കൂടി പല സ്ഥലങ്ങളിലും വെള്ളം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദേശിക്കപ്പെടുന്നത്. പലരും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ നിന്ന് സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
വെള്ളക്കെട്ടിൽ കുട്ടികളും മുതിർന്നവരും ഇറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മലിനമായ ജലം വഴി ടൈഫോയ്ഡ്, ഛർദി, അമീബിയാസിസ്, ഹെപ്പറ്റൈറ്റിസ്, ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ എന്നിവയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന രോഗങ്ങളെന്ന് ജബൽഅലി ആസ്റ്റർ സെഡർസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. അമൽ അബ്ദുൽ ഖാദർ പറയുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഡെങ്കിപ്പനി പോലുള്ള കൊതുകുകളും ഈച്ചകളും പരത്തുന്ന രോഗങ്ങളും വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗബാധയെക്കുറിച്ച ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി, കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പാക്കുകയാണ് പ്രധാനം. ഉപയോഗിക്കുന്നതിനുമുമ്പ് കുടിവെള്ളം തിളപ്പിച്ച് തണുപ്പിക്കുന്നത് നല്ലതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നഗ്നപാദരായി ചവിട്ടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. പ്രത്യേകിച്ച് കാലുകളിലോ മറ്റോ മുറിവുകളുണ്ടെങ്കിൽ വെള്ളത്തിലൂടെ രോഗാണുക്കൾ ശരീരത്തിലെത്താൻ വഴിവെക്കും.
വെള്ളം കയറിയ താമസസ്ഥലങ്ങൾ ക്ലോറിനേറ്റഡ് ലായനികൾ അല്ലെങ്കിൽ ബ്ലീച്ച് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. അതോടൊപ്പം ശരിയായ വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകളും വാതിലുകളും തുറന്നിടുകയും വേണം. നനഞ്ഞ പുതപ്പുകൾ, പരവതാനികൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കുന്നതിനുമുമ്പ് നല്ല സൂര്യപ്രകാശത്തിൽ ഉണക്കണമെന്നും നിർദേശിക്കുന്നു.
നിലവിൽതന്നെ പനി, വയറിളക്കം, ഛർദി എന്നിവയടക്കമുള്ള രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതോടൊപ്പം ന്യൂമോണിയ, വൈറൽ ബ്രോങ്കൈറ്റിസ് കേസുകളും വർധിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടാകും.
അതിനാൽ സേവന രംഗത്തിറങ്ങുന്ന സന്നദ്ധപ്രവർത്തകരടക്കം നല്ല ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്. ആവശ്യമെങ്കിൽ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാനും പലരും നിർദേശിക്കുന്നുണ്ട്.
ഡോ. അമൽ അബ്ദുൽ ഖാദർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.