റാസല്‍ഖൈമ: ഇന്ത്യക്കാരായ രക്ഷിതാക്കളോടൊപ്പം റാക് മലനിരയില്‍ വിനോദത്തിനെത്തി കാണാതായ രണ്ട് വയസ്സും ഒമ്പത് മാസവും പ്രായമുള്ള ഇന്ത്യൻ ബാലനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.
വെള്ളിയാഴ്ച വൈകീട്ട് യാനസ് മലനിരയിലാണ് കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് കുട്ടിയും രക്ഷിതാക്കളും യാനസ് മലനിരയിലെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. തിരികെയാത്രക്ക് ഒരുങ്ങുമ്പോഴാണ് കുഞ്ഞില്ലെന്നത് ശ്രദ്ധയില്‍പെടുന്നത്. പൊലീസ് ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചയുടന്‍ ഹെലികോപ്ടര്‍ രക്ഷാസേനയും ഡോഗ് സ്ക്വാഡുമുള്‍പ്പെടെ മലനിരയിലെത്തി. 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ചെറിയ പോറലുകള്‍ കുട്ടിയുടെ ദേഹത്തുണ്ടെങ്കിലും സുരക്ഷിതമായ നിലയില്‍ ശനിയാഴ്ച രാവിലെ ആറിനാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ രക്ഷിതാക്കള്‍ക്ക് കൈമാറി. വിനോദ സ്ഥലങ്ങളിലെത്തുന്നവര്‍ കുട്ടികളുടെ വിഷയത്തില്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മണിക്കൂറുകള്‍ നീണ്ട സാഹസിക തിരച്ചിലില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്കും റാക് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.