റാസല്‍ഖൈമ: പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംയോജിത ഗതാഗത പ്ലാറ്റ്ഫോമായ സെയര്‍ (Sayr) ആപ്ലിക്കേഷൻ അവതരിപ്പിച്ച് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്നതാണ് നൂതന സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആപ്പെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന് ബലൂഷി വ്യക്തമാക്കി.
വ്യത്യസ്ത ഗതാഗത സംവിധാനങ്ങൾ സംയോജിപ്പിച്ച് യാത്ര സമയം ക്രമീകരിക്കാനും കാര്യക്ഷമമായ റൂട്ട് തെരഞ്ഞെടുക്കാനും സെയര്‍ ആപ്പിലൂടെ കഴിയും. റാസല്ഖൈമക്കകത്തും പുറത്തുമുള്ള സിറ്റി, ഇന്റര്‍സിറ്റി ബസ് റൂട്ടുകള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ വാഹന വാടക സേവനങ്ങളും ഉള്‍പ്പെടുത്തും.
ബസുകള്‍, ടാക്സികള്‍, ഷെയറിങ് റൈഡ്, ഇലക്ട്രിക് സ്കൂട്ടറുകള്, ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലേറെ ഗതാഗത മാർഗങ്ങൾ കൂട്ടിയിണക്കി യാത്രകള്‍ ക്രമീകരിച്ച് പണം നല്കി ബുക്ക് ചെയ്യുന്നതിന് പുതിയ ആപ്പിലൂടെ കഴിയും.
മുന്‍കൂട്ടിയുള്ള ബുക്കിങ്, റൂട്ട് ട്രാക്കിങ്, ഷെഡ്യൂള്‍ ആക്സസ് എന്നിവയും സെയര്‍ ആപ് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ തുടങ്ങിയവ വഴി പണമടക്കാനും ആപ്പിൽ സംവിധാനമുണ്ട്.
യാത്ര തുടങ്ങുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും നല്കി യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ സെയര്‍ ആപ് സഹായിക്കും. യാത്ര പദ്ധതി ലളിതമാക്കി ഒരു ഇന്റര്‍ഫേസിലൂടെ ഏത് പോയന്റില്‍നിന്നും അന്തിമ ലക്ഷ്യസ്ഥാനം ആസൂത്രണം ചെയ്യാനും ബുക്കിങ് കാര്യക്ഷമമാക്കാനും ഉപഭോക്താക്കളെ ‘സെയര്‍’ പ്രാപ്തരാക്കും.
ഏത് ഗതാഗത ആവശ്യങ്ങള്‍ക്കും ഒറ്റ സ്മാര്‍ട്ട് ഗേറ്റ്വേ എന്നതും സെയര്‍ ആപ്പിനെ ശ്രദ്ധേയമാക്കുന്നു. സേവനങ്ങള്‍, ഗതാഗത മാർഗങ്ങൾ, സംയോജനം തുടങ്ങി മൂന്ന് സുപ്രധാന ഘടകങ്ങളെ ഉള്‍ക്കൊള്ളുന്ന ഗതാഗത സര്‍വിസ് (മാസ്) സാങ്കേതിക വിദ്യയിലാണ് സെയര്‍ ആപ്പിന്റെ നിര്‍മാണം.
ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയന്റുകൾ കരസ്ഥമാക്കുന്നതിനും റഡീം ചെയ്യുന്നതിന് അനുവദിക്കുന്ന ലോയല്‍റ്റി പോയന്റ് പ്രോഗ്രാം, തത്സമയ പിന്തുണക്ക് ചാറ്റ് സേവനം തുടങ്ങിയ സവിശേഷതകളും ഭാവിയില്‍ സെയര്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണില്‍ ആപ് സ്റ്റോറിലും ഗൂഗ്ള്‍ പ്ലേയിലും ‘‘Sayr’ ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.