ദുബൈ: 40 വർഷത്തോളം ദുബൈയിൽ സ്വന്തമായി നല്ല നിലയിൽ ടെക്സ്റ്റൈൽസ് ബിസിനസ് നടത്തുകയായിരുന്നു കാസർകോട് പള്ളിക്കര സ്വദേശി രാമചന്ദ്രൻ (60). പിന്നെ നഷ്ടം വന്നു കച്ചവടം പൂട്ടിയതോടെ നാഇഫിലെ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലിയാരംഭിച്ചു. കാൻസർ രോഗിയായ ഭാര്യയുടെയും ഹൃദയരോഗികളായ മക്കളുടെയും ചികിത്സയും ചെലവും നടന്നുപോകാൻ ഇൗ അറുപതാം വയസ്സിലും രാമചന്ദ്രന് അധ്വാനിക്കലല്ലാതെ നിവൃത്തിയില്ലായിരുന്നു.
അതിനിടെയാണ് പക്ഷാഘാതം ബാധിച്ച് തളർന്നുപോയത്. കോവിഡ് പ്രതിസന്ധി കാലമായതിനാൽ സർക്കാർ ആശുപത്രികളിലൊന്നും പ്രവേശിപ്പിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയായിരുന്നു. ദുബൈ അമേരിക്കൻ ഹോസ്പിറ്റലിലാണ് ഇടം കിട്ടിയത്. ഇൻഷുറൻസൊന്നും ഇല്ലെങ്കിലും ചികിത്സ വൈകാതിരിക്കാൻ ആശുപത്രിക്കാർ ശ്രദ്ധിച്ചു.
ഒാപ്പറേഷൻ നടത്തി. മരുന്നും ചികിത്സയും നൽകി. ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും അപകടഘട്ടം തരണം ചെയ്തു. ആശുപത്രി ബില്ല് 12 ലക്ഷം ദിർഹമാണ് വന്നിരിക്കുന്നത്. വയറുവേദനക്ക് ഗുളിക വാങ്ങാൻ പോലും പണമില്ലാത്ത മനുഷ്യനാണ്. കുടുംബക്കാരാരും ഇവിടെയില്ല.
കോൺസുലേറ്റും സൻമനസുകളും മറ്റ് അധികൃതരും അടിയന്തിരമായി ഇടപെട്ടാൽ മാത്രമേ ഇദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാനാവൂ. ആരോഗ്യ വിദഗ്ധൻ ഡോ. മുജീബ് റഹ്മാൻ വടക്കേക്കാടും ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ഷാജി അമ്മന്നുരും ചേർന്ന് വിഷയം പൊതുജന ശ്രദ്ധയിൽകൊണ്ടുവരാനും രാമചന്ദ്രനെ നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. പൊതുപിന്തുണയുണ്ടെങ്കിലേ ഇൗ ഉദ്യമം സാധ്യമാകൂ. ഷാജി അമ്മന്നൂരിെൻറ നമ്പർ: 050 850 45 25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.