ദുബൈ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വീണ്ടും ഈദുൽ ഫിത്ർ വന്നുചേരുമ്പോൾ ആഹ്ലാദനിറവിൽ ഇമാറാത്ത്. കോവിഡിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഒരിടവേളക്കുശേഷം ചെറി പെരുന്നാൾ വന്നെത്തുമ്പോൾ ആഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളാണ് എല്ലാ എമിറേറ്റുകളിലുമുള്ളത്. വസ്ത്രങ്ങൾ വാങ്ങാനും മറ്റ് ഒരുക്കങ്ങൾക്കുമായി സൂപ്പർമാർക്കറ്റുകളിലും വസ്ത്രാലയങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ആഘോഷ പരിപാടികളുടെ ഭാഗമായി കരിമരുന്നുപ്രയോഗങ്ങൾ, സംഗീത പരിപാടികൾ, ഒത്തുചേരലുകൾ എന്നിവ അരങ്ങേറും. ദുബൈയിലെ ബ്ലൂവാട്ടേഴ്സ് ദ്വീപിലും ജെ.ബി.ആർ ബീച്ചിലും ശനിയാഴ്ച രാത്രി ഒമ്പതു മണിക്കാണ് കരിമരുന്നുപ്രയോഗമുണ്ടാവുക. ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സ് വിഭാഗവും ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. അബൂദബിയിൽ യാസ് ദ്വീപിൽ രണ്ടു ദിവസങ്ങളിൽ യാസ് ബേ വാട്ടർഫ്രണ്ടിൽ രാത്രി ഒമ്പതിന് കരിമരുന്ന് പ്രദർശനങ്ങൾ ഉണ്ടായിരിക്കും. അബൂദബിയിലെ കോർണിഷ് റോഡിൽനിന്നും പ്രദർശനം കാണാനാകും. വിനോദസഞ്ചാരകേന്ദ്രങ്ങളിലും തീംപാർക്കുകളിലും അവധിദിവസങ്ങളിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ദുബൈ ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി എന്നിവിടങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ ഗ്ലോബൽ വില്ലേജിൽ ഈദുൽ ഫിത്റിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാൾദിനം മുതൽ പ്രവർത്തനം വൈകീട്ട് നാലുമുതൽ പുനരാരംഭിക്കും. റമദാനിൽ വൈകീട്ട് ആറിനാണ് ആരംഭിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഒരാഴ്ചക്കാലം വിപുലമായ പരിപാടികളും വിനോദക്കാഴ്ചകളും തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കരിമരുന്നുപ്രയോഗം അരങ്ങേറും. അതോടൊപ്പം പെരുന്നാളിനോട് അനുബന്ധിച്ച പ്രത്യേക മാർക്കറ്റും പ്രവർത്തിക്കും.
ഈദുൽ ഫിത്ർ അവധി ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ പാർക്കിങ് സൗജന്യം ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ്ഗാഹുകളിലും പള്ളികളോട് അനുബന്ധിച്ചും വിപുലമായ സന്നാഹങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. വൃത്തി ഉറപ്പുവരുത്തുന്നതിനായി ദുബൈയിലെ 10 ഈദ്ഗാഹുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പള്ളികൾക്കും ഈദ് പരിപാടികൾ നടക്കുന്ന വേദികൾക്കും സമീപം 45 മാലിന്യ സംഭരണ സംവിധാനങ്ങളും വേസ്റ്റ് ബാസ്കറ്റുകളും സ്ഥാപിക്കുകയും ചെയ്തു. 2250 ശുചീകരണ തൊഴിലാളികൾക്കു പുറമെ സ്വകാര്യ മേഖലയിലെ 426 തൊഴിലാളികൾ, 250ലധികം സൂപ്പർവൈസറി, മോണിറ്ററിങ് ജീവനക്കാർ എന്നിവരെയും മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.