ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ഈദ് നമസ്കാരങ്ങളിൽ പങ്കെടുക്കുകയും മജ്ലിസുകളിൽ ജനങ്ങളിൽ നിന്ന് ആശംസകൾ സ്വീകരിക്കുകയും ചെയ്തു. ദുബൈ സഅബീൽ മജ്ലിസിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഈദ് ആശംസ സ്വീകരിച്ചത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു. അബൂദബി ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിലാണ് യു.എ.ഇ വൈസ്പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ തുടങ്ങിയ പ്രമുഖർ നമസ്കരിക്കാനെത്തിയത്. പിന്നീട് അബൂദബി മുശ്രിഫ് പാലസിൽ നടന്ന വിവിധ എമിറേറ്റുകളിലെ കിരീടാവകാശികളുടെ ഒത്തുചേരലും നടന്നു. എല്ലാ എമിറേറ്റുകളിലെയും യുവ നേതൃത്വത്തിന്‍റെ സാന്നിധ്യത്താൽ ചടങ്ങ് ശ്രദ്ധേയമായിരുന്നു.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീഅ് ഈദ് മുസല്ലയിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുകയും ആശംസ സ്വീകരിക്കുകയും ചെയ്തു. സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉമ്മുൽഖുവൈൻ അഹ്മദ് ബിൻ റാശിദ് അൽ മുഅല്ല മസ്ജിദിലും സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറ ശൈഖ് സായിദ് മോസ്കിലും പെരുന്നാൾ നമസ്കരിച്ചു. മറ്റു ഭരണാധികാരികളും അതതിടങ്ങളിലെ പള്ളികളിൽ പ്രാർഥനക്ക് എത്തിച്ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.