ദുബൈ: പകലിന്‍റെ ദൈർഘ്യം കൂടിയതോടെ യു.എ.ഇയിൽ നോമ്പിന്‍റെ ദൈർഘ്യം 14 മണിക്കൂറായി. എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ദുബൈയിൽ ഫജ്ർ പുലർച്ച 4.41നും മഗ്രിബ് വൈകുന്നേരം 6.43നുമാണ്. ചൊവ്വാഴ്ച മുതൽ എല്ലാ എമിറേറ്റിലും നോമ്പിന്‍റെ സമയം 14 മണിക്കൂറിലേക്ക് എത്തി. വരും ദിവസങ്ങളിൽ പകൽ ദൈർഘ്യം കൂടുകയും രാത്രി കുറയുകയും ചെയ്യും.
റമദാനിന്‍റെ തുടക്കത്തിൽ 13.30 മണിക്കൂറായിരുന്നു നോമ്പിന്‍റെ ദൈർഘ്യം. പിന്നീട് ഓരോ ദിവസവും പകൽ ദൈർഘ്യം കൂടിവന്നു. റമദാൻ അവസാനിക്കുമ്പോൾ 14.16 മണിക്കൂറിലേക്ക് നോമ്പ് സമയം എത്തും. ദുബൈ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറ്റേറുകളിലാണ് ഏറ്റവും കൂടുതൽ സമയം. അബൂദബിയിലാണ് ഏറ്റവും കുറവ് സമയം. ദുബൈയേക്കാൾ നാല് മിനിറ്റ് കുറവാണ് അബൂദബിയിലെ പകൽ. ഇക്കുറി ചൂട് കുറവാണെന്നത് വിശ്വാസികൾക്ക് അനുഗ്രഹമായി. മുൻവർഷങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു റമദാൻ. ചിലയിടങ്ങളിൽ മഴയും ലഭിക്കുന്നുണ്ട്.
ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ദൈർഘ്യം ഐസ്ലാൻഡിലെ റമദാനാണ്. ആദ്യ ദിവസങ്ങളിൽ 15.33 മണിക്കൂറായിരുന്നു ഇവിടുത്തെ നോമ്പ് സമയം. അവസാന ദിവസങ്ങളിൽ ഇത് 16.20 മണിക്കൂറിലേക്ക് എത്തും. ചിലിയിലെ കിങ് സ്കോട്ട് നഗരത്തിൽ 12 മണിക്കൂറിൽ താഴെയാണ് നോമ്പ്. ഇതാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നോമ്പ്. രാവിലെ 6.35 മുതൽ വൈകുന്നേരം 6.27 വരെയാണ് നോമ്പ്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിലും 12 മണിക്കൂർ നോമ്പാണ്. മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ അൽജീരിയയിലാണ് ദൈർഘ്യമേറിയ നോമ്പ്, 14.58 മണിക്കൂർ. ഇന്ത്യയിലും ഏകദേശം 14 മണിക്കൂറാണ് നോമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.