ദുബൈ: റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ നിരവധി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 1,295 പേർക്കാണ് മോചനം പ്രഖ്യാപിച്ചത്. തടവുകാരുടെ സാമ്പത്തിക ബാധ്യതയും മോചനത്തിന്റെ ഭാഗമായി ഒഴിവാക്കിക്കൊടുക്കും. ജയിലിൽ കഴിയുന്നവർക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാകാനും അനുഗൃഹീത ദിനങ്ങളിൽ പ്രിയപ്പെട്ടവർക്ക് ആഹ്ലാദം പകരാനുമാണ് നടപടിയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 1,518 തടവുകാർക്കാണ് മോചനം നൽകുന്നത്. ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ തടവുകാരുടെ മോചനത്തിന് നടപടികൾ ആരംഭിച്ചതായി അറ്റോർണി ജനറൽ ഇസാം ഈസ അൽ ഹുമൈദാൻ അറിയിച്ചു.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 707പേരുടെ മോചനത്തിനാണ് ഉത്തരവിട്ടിട്ടുള്ളത്. തടവിലായിരിക്കുമ്പോൾ നല്ല സ്വഭാവഗുണങ്ങൾ കാണിച്ചവരാണ് മോചനത്തിന് പരിഗണിക്കപ്പെട്ടത്. അനുകമ്പയുടെയും നവീകരണത്തിന്റെയും സന്ദേശം പ്രതിഫലിപ്പിക്കുന്ന റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി 207പേർക്കാണ് മോചനം പ്രഖ്യാപിച്ചത്.
സൽസ്വഭാവത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ് മോചിതരാകുന്നവരെ തിരഞ്ഞെടുത്തത്. സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111 തടവുകാരെ എമിറേറ്റിലെ ജയിലില്‍ നിന്നും മോചിപ്പിക്കാൻ ഉത്തരവിട്ടു. അനുഗൃഹീതമായ റമദാൻ മാസത്തിൽ തടവുകാർക്ക് അവരുടെ കുടുംബങ്ങൾക്ക് ഒപ്പം കൂടാനും ഒരു പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുക എന്ന താൽപര്യത്തോടെയാണ് ഈ മോചനം.
ഫുജൈറ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് ബിൻ ഘാനം അൽ കഹ്ബി സാമൂഹികവും മാനുഷികവുമായ ഈ പ്രവര്‍ത്തനത്തിന് ഫുജൈറ ഭരണാധികാരിയോട് നന്ദിയും അഭിനന്ദനവും അറിയിച്ചു. സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി 506 പേർക്ക് മോചനമാണ് പ്രഖ്യാപിച്ചത്. തടവുകാരുടെ സാമ്പത്തിക ബാധ്യതയും മോചനത്തിന്റെ ഭാഗമായി ഒഴിവാക്കിക്കൊടുക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.