ദുബൈ: കായികരംഗത്തെ പ്രയോജനപ്പെടുത്തി റമദാനിൽ ധനസമാഹരണം നടത്താൻ ‘സ്പോർട്സ് ഫോർ സപ്പോർട്ട്’ പദ്ധതിയുമായി ദുബൈ പൊലീസ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നതിന് 30 ലക്ഷം ദിർഹം സമാഹരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മറ്റുള്ളവരെ സഹായിക്കുന്നതിനൊപ്പം വിശുദ്ധ മാസത്തിൽ സജീവമാകാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് യു.എ.ഇയിലെ പ്രമുഖ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നായ ദാറുൽ ബിർറ് സൊസൈറ്റിയുമായി പൊലീസ് കൈകോർക്കുന്നത്. എമിറേറ്റിലുടനീളം 1 ലക്ഷം പേരിലൂടെ ശേഖരിക്കുന്ന ഫണ്ട് ദുബൈക്ക് അകത്തും പുറത്തുമുള്ള വിവിധ മാനുഷിക പദ്ധതികൾക്കാണ് ചെലവഴിക്കുക. റമദാനിൽ സജീവമാകാനും നല്ല കാര്യങ്ങൾക്കായി സംഭാവന നൽകാനുമുള്ള മികച്ച അവസരമാണിതെന്ന് ദുബൈ പൊലീസ് അത്ലറ്റ്സ് കൗൺസിൽ ചെയർമാൻ മർയം അൽ മത്റൂഷി വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സിലൂടെ ചാരിറ്റി പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന കമ്യൂണിറ്റി സംരംഭമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
മാർച്ച് 14 മുതൽ 21 വരെ നാദൽ ശിബ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന വാർഷിക നാദൽ ശിബ സ്പോർട്സ് ടൂർണമെൻറിന്റെ ഭാഗമായി നടക്കുന്ന ഒബ്സ്റ്റാക്കിൾ കോഴ്സ് മത്സരങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. റമദാനിലെ ആദ്യ ആഴ്ചയിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം 30 മിനിറ്റ് സ്പോർട്സ് സെഷനുകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്ന പദ്ധതിയുമുണ്ട്. രജിസ്ട്രേഷൻ അടക്കമുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. പരിപാടികളിൽ പങ്കെടുക്കുന്നവരിൽനിന്ന് സംഭാവനകൾ ശേഖരിക്കാൻ ദാറുൽ ബിർറ് സൊസൈറ്റിയുടെ പ്രതിനിധികൾ സ്ഥലത്തുണ്ടാകും. സംഭാവനകൾ വാഗ്ദാനം ചെയ്യാനായി വെബ്സൈറ്റിൽ ലിങ്കുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.