ഷാർജ: കോവിഡ് മഹാമാരിയുടെ അടച്ചു പൂട്ടപ്പെട്ട രണ്ട് വര്ഷങ്ങള്ക്കു ശേഷം പ്രതീക്ഷയുടെ സുഗന്ധവുമായി വീണ്ടും റമദാൻ വിരുന്നെത്തി. നിയന്ത്രണങ്ങളുടെ കെട്ടുപൂട്ടുകളിൽ വീർപ്പു മുട്ടിയിരുന്ന വിശ്വാസികൾക്ക് ആശ്വാസമെന്നോണം പുതിയ ഇളവുകളുമായാണ് ഇത്തവണത്തെ റമദാൻ. റമദാനിലെ രാത്രി പ്രാര്ഥനയായ തറാവീഹും പള്ളികളിലെ ഇഅ്തികാഫും ഇഫ്താർ ടെന്റുകളും നോമ്പുതുറയുമൊക്കെയായി തിരിച്ചുവരവിന്റെ റമദാനെ വിശ്വാസികൾ ആഹ്ലാദത്തോടെ വരവേറ്റു.
രണ്ട് വർഷമായി ഇല്ലാതിരുന്ന റമദാൻ ടെൻറുകൾക്ക് അനുവാദം ലഭിച്ചതും പള്ളികളിലെ പ്രാർഥനസമയം സാധാരണ നിലയിലായതും യു.എ.ഇയിലെ റമദാനിനെ പൂർവസ്ഥിതിയിലേക്ക് മാറ്റുകയാണ്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ വിശ്വാസികൾക്കായുള്ള മാർഗനിർദേശങ്ങളും യു.എ.ഇ ലഘൂകരിച്ചിട്ടുണ്ട്. ഷാർജയിലും ഉമ്മുൽഖുവൈനിലുമൊഴികെ വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യത്തെ റമദാൻ കൂടിയാണ് ഇത്തവണത്തേത്.
കോവിഡ് വർധിച്ച സാഹചര്യത്തിൽ സുരക്ഷാ നടപടിയെന്നോണം രണ്ടു വർഷമായി അനുമതിയില്ലാതിരുന്ന ഇഫ്താർ ടെൻറുകൾ ഇത്തവണ പ്രവർത്തിക്കും. ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും ടെൻറുകൾ എല്ലാ വശങ്ങളിൽനിന്നും തുറന്നിരിക്കുന്ന തരത്തിൽ എയർ കണ്ടീഷൻഡ് ചെയ്തായിരിക്കണം നിർമിക്കേണ്ടത് എന്ന നിർദേശവുമുണ്ട്.
റമദാനെ വരവേൽക്കാൻ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തറാവീഹ് നമസ്കാരത്തിന് എത്തുന്നവർക്ക് പള്ളിയുടെ അടുത്ത് തന്നെ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാർഥന സമയത്ത് ഈ സ്ഥലങ്ങളിലെ പാർക്കിങ് സൗജന്യമായിരിക്കും. പകൽ സമയത്ത് ഭക്ഷണം വിൽക്കുന്ന കടകൾക്ക്
അനുമതിയും നൽകിയിട്ടുണ്ട്. അനുമതി ലഭിച്ച ഷോപ്പിങ് മാളുകളിലും ഭക്ഷണം വിൽക്കാൻ സാധിക്കും.
കഴിഞ്ഞ വർഷത്തെ റമദാനിനെ അപേക്ഷിച്ച് ഇത്തവണ യു.എ.ഇയിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളിൽ നമസ്കാര സമയം കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മാറ്റിയതടക്കം വിവിധ കാര്യങ്ങളിൽ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ഇളവ് പ്രഖ്യാപിച്ചിരുന്നു. പള്ളികളിൽ ദിവസേനയുള്ള ക്ലാസുകളും പ്രഭാഷണങ്ങളും റമദാനിലും നടത്താം. കഴിഞ്ഞ വർഷം 20 മിനിറ്റായിരുന്നു ഇശാ, തറാവീഹ് നമസ്കാരങ്ങൾ പൂർത്തിയാക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ, ഇത്തവണ 45 മിനിറ്റ് എടുക്കാം. ഖിയാമുല്ലൈലിനും അനുമതിയുണ്ട്. നേരത്തെ അഞ്ച് മുതൽ 10 മിനിറ്റ് വരെയായിരുന്ന ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയമെങ്കിൽ ഇക്കുറി 20 മിനിറ്റ് വരെ ആകാം എന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.