ദുബൈ: റമദാനിൽ ദുബൈയിലെ പെയ്ഡ് പാർക്കിങ്, പൊതു ഗതാഗത സമയം പുനഃക്രമീകരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). തിങ്കൾ മുതൽ ശനി വരെ രണ്ട് ഷിഫ്റ്റുകളായാണ് പാർക്കിങ് സമയം ക്രമീകരിച്ചത്. രാവിലെ ആറു മുതൽ എട്ടുവരെയും രാത്രി എട്ടു മുതൽ അർധ രാത്രിവരെയും പാർക്ക് ചെയ്യാം.
മൾട്ടി സ്റ്റോറേജ് പാർക്കിങ് കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. ടീകോം പാർക്കിങ് മേഖല (എഫ്)യിൽ രാവിലെ എട്ടു മുതൽ ആറുവരെ പണമീടാക്കും. ദുബൈ മെട്രോ, ട്രാം സർവിസ് സമയങ്ങളിൽ മാറ്റമില്ല. തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ അഞ്ചു മുതൽ അർധരാത്രിവരെയും വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയുമാണ് മെട്രോ സർവിസ്.
ശനിയാഴ്ച രാവിലെ അഞ്ചിന് ആരംഭിക്കുന്ന സർവിസ് അർധരാത്രിവരെ നീളും. ഞായറാഴ്ച രാവിലെ എട്ടു മുതൽ അർധരാത്രിവരെയാണ് സർവിസ്.ട്രാം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയും ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയും സർവിസ് നടത്തും.
ദുബൈയിലെ ബസുകൾ തിങ്കൾ മുതൽ വെള്ളി വരെ പുലർച്ചെ 4.30 മുതൽ പിറ്റേന്ന് പുലർച്ചെ 12.30 വരെ സർവിസ് നടത്തും. ശനിയും ഞായറും രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയാണ് സർവിസ്. ഇ16, ഇ101, ഇ102, ഇ201, ഇ303, ഇ306, ഇ307, ഇ307എ, ഇ315, ഇ400, ഇ411, ഇ700 എന്നീ ബസുകളാണ് അന്തർ സംസ്ഥാന സർവിസ് നടത്തുന്നത്.
അബ്ര സർവിസുകൾ തിങ്കൾ മുതൽ വ്യാഴം രാവിലെ ഒമ്പതു മുതൽ 11.25വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെയും ശനിയും ഞായറും രാവിലെ 10 മുതൽ പിറ്റേന്ന് പുലർച്ചെ 12.20 വരെയും സർവിസ് നടത്തും. ദുബൈ വാട്ടർ ടാക്സികൾ തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് 12 മുതൽ പിറ്റേന്ന് 12.30 വരെ സർവിസ് നടത്തും.
വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 12.15 വരെ സർവിസുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.