പൊന്നാനിക്ക് നോമ്പുകാലം ആഘോഷത്തിെൻറ ദിനങ്ങളാണ്. മറ്റൊരിടത്തും കാണാത്ത അനേകം സവിശേഷതകളിലൂടെയാണ് ഒാരോ നോമ്പുകാലവും കടന്നുപോയിരുന്നത്. കുഞ്ഞൻ നോമ്പ്തുറ, വലിയ നോമ്പ് തുറ, അത്താഴം മുത്തായം, ചീരകഞ്ഞി, തരി കഞ്ഞി, പഴം ഉടച്ചുനന്നാക്കിയത്, ചെറു മീൻ മുളകിട്ടത്, രാത്രിയിൽ നീണ്ടു നിൽക്കുന്ന സൊറ പറഞ്ഞിരിക്കൽ, ബലൂൺ വെള്ളം, മുത്തായ വെടി, ഇൽമും ദുൽമും, പാനൂസ, മുൻസിപ്പാലിറ്റിയിൽ നിന്നുള്ള സൈറൺവിളി, സാഹിബിെൻറ കാരക്ക അച്ചാർ, മാസ് മത്സ്യം കൊണ്ടുള്ള ചമ്മന്തി, റമദാൻ മാസത്തിൽ തമിഴ്നാട്ടിൽ നിന്നും വന്നിരുന്ന പട പഴം... ഇതൊക്കെ പൊന്നാനിക്ക് മാത്രം അവകാശപ്പെടാനുള്ള വിശേഷങ്ങളാണ്. നാടിെൻറ പോയകാല വസന്തത്തിെൻറ നനവുള്ള ഓർമകൾ പങ്കുവെക്കുകയാണ് പൊന്നാനി മുനിസിപ്പൽ മുൻ ചെയർമാൻ വി.പി. ഹുസൈൻ കോയ തങ്ങൾ...
റമദാൻ മാസപ്പിറവി മാനത്ത് കണ്ടു എന്നറിഞ്ഞാൽ ചെറിയ മക്കാ എന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ വടക്കേ പടിപ്പുരയിലെ മതിലിനോട് ചേർന്നു നിരത്തിവെച്ച നാല് കതിന വെടികൾ മുഴങ്ങും. വലിയ ശബ്ദത്തോടെയാണ് കതിന മുഴങ്ങുന്നത്. ഇതോടെ പൊന്നാനിയുടെ രാത്രിക്ക് പകലിെൻറ വെളിച്ചമായിരിക്കും. പിശാചിനെ ചങ്ങലക്കിടുന്ന അനുഗൃഹീത മാസം എന്നൊരു വിശ്വാസം ഉള്ളതിനാൽ, രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ പേടിയുള്ള കുട്ടികൾ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കും. ഈ ഒരു മാസം ഒറ്റക്ക് ഏത് പള്ളി കാട്ടിലൂടെയും നടക്കാനും ഒരു പേടിയുമില്ല. റമദാെൻറ വരവറിയിച്ചുകൊണ്ട് മുള ചീളുകൾ നൂലിൽ കെട്ടി പരസ്പരം കോർത്ത് വർണ കടലാസിൽ പൊതിഞ്ഞ പാനൂസ് വീടിെൻറ മുന്നിൽ കെട്ടി തൂക്കും. ഒരു കിലോമീറ്റർ ചുറ്റളവിൽ അമ്പതോളം പള്ളികൾ തല ഉയർത്തി നിൽക്കുന്നതിനാൽ പൊന്നാനിയിലെ റമദാന് അന്ന് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു.
രാവിലെ അങ്ങാടിയും റോഡുകളും വീടും പരിസരവും വിജനമായിരിക്കും. കടകളും വീടുകളും ഉച്ചക്ക് ളുഹർ ബാങ്ക് വിളിയോടെ ഉണരൂ. കടകൾ പാതിരാത്രി വരെ തുറന്നിരിക്കും. അങ്ങാടിയിലെ എല്ലാ സ്കൂളുകൾക്കും റമദാൻ ഒരുമാസം ഒഴിവ് ദിനങ്ങളായതിനാൽ ഞങ്ങൾക്ക് അവധികാല ആഘോഷത്തിെൻറ ദിനങ്ങൾ കൂടിയായിരുന്നു. ഹോട്ടലുകളും ചായക്കടകളും വൈകുന്നേരം നാലു മണിക്കാണ് തുറക്കുന്നത്. വൈകുന്നേരങ്ങളിൽ വീടുകളിലെയും ഹോട്ടലുകളിലെയും അടുക്കളകളിൽ നിന്നും പരിപ്പ് വട പൊരിക്കുന്നതിെൻറ ഗന്ധം ഇപ്പോഴും മറക്കാറായിട്ടില്ല.
മഗ്രിബ് ബാങ്ക് വിളിക്കുന്നതിനോടൊപ്പം മുനിസിപ്പാലിറ്റിയിൽ സൈറൺ മുഴങ്ങും. അതോടെ എല്ലാവരും വീടണയും. നാരങ്ങ വെള്ളം, സമ്മൂസ, മുട്ടപത്തിരി, പാലട, മസാലവട, ചിരട്ടമാല, പഴംനിറച്ചത്. അങ്ങനെ അഞ്ചുതരം പലഹാരം നിർബന്ധം. ഫ്രൂട്ട്സ്, ജ്യൂസ്, തരിക്കഞ്ഞി വേറെയും. ഇതിനെ കുഞ്ഞൻ നോമ്പ് തുറക്കൽ എന്നാണ് പറയുന്നത്. നമസ്കാരം കഴിഞ്ഞാണ് വലിയ നോമ്പുതുറ. നൈസ് പത്തിരിയും ഇറച്ചിയും ജീരകകഞ്ഞി പഴം ഉടച്ചതും മീൻ മുളകിട്ടതുമായിരുന്നു പ്രധാന വിഭവങ്ങൾ. രാത്രിയിൽ തറാവീഹ് നമസ്കാരം കഴിഞ്ഞിറങ്ങി പരിസരം ചുറ്റി കറങ്ങും. പിന്നെ രാത്രി രണ്ടുമണിവരെയുള്ള പരിപാടികൾ ആസുത്രണം ചെയ്യും. അതിൽ പ്രധാനമാണ് ബലൂണിൽ വെള്ളം നിറച്ചു പരസ്പരം എറിഞ്ഞു കളിക്കുന്നത്. ഇതിനു ഇരയാകുന്നത് രാത്രിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പാവം മനുഷ്യരും. തറവാടുകളുടെ കോലായിൽ ലുഡോ ബോർഡ്, കാരംസ്, പാമ്പും കോണി എന്നിവ കളിക്കുന്ന കുട്ടികളും ബലൂൺ കളിയുടെ ചൂടറിയും. ചില ദിവസങ്ങളിൽ വഴക്കിലും എത്താറുണ്ട് ഈ വിനോദം.
അന്നത്തെ മറ്റൊരു വിനോദമാണ് മുത്തായ വെടി പൊട്ടിക്കൽ. ഒരു മീറ്റർ നീളത്തിലുള്ള മുളയുടെ മൂന്ന് കമ്പിൽ രണ്ടു കമ്പു വേർപ്പെടുത്തി മേലെ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ മണ്ണണ്ണ ഒഴിച്ചു ചൂടാക്കി ഈർക്കിളിൽ തീ കത്തിച്ചു ദ്വാരത്തിൽ കാണിക്കും. വലിയ ശബ്ത്തോടെ തീയും പുകയും പുറത്ത് വന്നു പൊട്ടുന്നത് കേൾക്കാം. വീട്ടിലെ അടുക്കളകൾ തറാവിഹ് നമസ്കാര ശേഷം വീണ്ടും സജീവമാകും മുത്തായത്തിനുള്ള വിഭവങ്ങൾ ഒരുക്കാൻ. രാത്രി പത്തുമണിക്കു ശേഷം അങ്ങാടിയിലെ എല്ലാ തറവാട്ടിലെ കോലായകളും സജീവമാകും. കാരണവന്മാരും സുഹൃത്തുക്കളും ബന്ധുക്കളും മുത്താഴവും കഴിച്ചു ചുറ്റും സൊറ പറഞ്ഞിരിക്കും. ഞങ്ങൾ പുത്തൻകുളം മൈതാനത്ത് ബാപ്പു മാഷുടെ വീട്ടിലെ കോലായിലാണ് ഒത്തുചേരുക. കൂട്ടത്തിൽ കൗൺസിലർ അബൂബക്കർക്ക, ആലു ഹാജി, ബപ്പങ്ങാനകത്തെ അബ്ദുല്ലക്ക, സോദവെൻറ മുഹമ്മദും... സൊറ രണ്ടുമണി മൂന്നുമണിവരെ നീളും. അപ്പോഴാണ് മുൻസിപ്പാലിറ്റിയിൽ നിന്നും രണ്ടു മണിക്കുള്ള സൈറൻ മുഴങ്ങുക. അതോടെ എല്ലാവരും പിരിഞ്ഞു വീടുകളിൽ കയറും.
അത്താഴത്തിനു മീൻ കറി നിർബന്ധമാണ്. അങ്ങാടിയിലെ സാഹിബിെൻറ കടയിലെ സ്പെഷൽ കാരക്ക അച്ചാറും ലക്ഷദ്വീപിലെ ചൂരമത്സ്യം ഉണക്കി ഉണ്ടാക്കുന്ന ചമ്മന്തി പപ്പടവും സ്പെഷലാണ്. എല്ലാം കഴിഞ്ഞു പടപഴം ചോറിൽ ഞവണ്ടി പഞ്ചസാരയും ഇട്ടു ഒരു പിടിത്തം. പൊന്നാനി വിശേഷങ്ങളുടെ പുറന്തോട് പൊട്ടിച്ചാൽ നന്മയുടെയും ഒരുമയുടെയും ഒരുക്കത്തിെൻറയും കരുതലിെൻറയും ഈണം ഇപ്പോഴും കേൾക്കാം. ഓരോ പൊന്നാനിക്കാരനും ഓർത്തുവെക്കാൻ നോമ്പുകാലത്തെ ഓർമകൾ ചേർത്ത് വെച്ചിട്ടുണ്ടാകും. നോമ്പ് കാലത്ത് പൊന്നാനി അങ്ങാടിക്ക് ഒരു മണമാണ്. വർഷങ്ങൾ എത്രയോ പിന്നിട്ടിട്ടും ആമണം മൂക്കിന് തുമ്പിൽ പൂക്കുന്നു. അങ്ങാടിയുടെ പുരുഷാരത്തിൽ, മായ കാഴ്ചകളുടെ വെളിച്ചത്തിൽ അന്നത്തെ ഒരു കുട്ടിയായെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു പൊന്നാനിക്കാരനും ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.