ദുബൈ: പുണ്യമാസത്തെ വരവേൽക്കാൻ ഭക്ഷ്യഉൽപന്നങ്ങളും വീട്ടുസാധനങ്ങളും വാങ്ങിക്കൂട്ടാൻ വരട്ടെ, അത്യപൂർവ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇയിലെ സാമ്പത്തിക മന്ത്രാലയം. 30,000ത്തിൽപരം ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും വമ്പിച്ച കിഴിവാണ് വരാനിരിക്കുന്നത്. സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ച കിഴിവ് ഏപ്രിൽ 13 മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രത്യേക കിഴിവ് ഏപ്രിൽ 13 മുതൽ പ്രാബല്യത്തിൽമിക്ക ഉൽപന്നങ്ങൾക്കും 25 ശതമാനം മുതലാണ് വിലക്കിഴിവ്. 75 ശതമാനം വരെ ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഉൽപന്നങ്ങളുടെ നിരയുമുണ്ട്. ഇതുസംബന്ധിച്ച വിശദമായ പട്ടിക താമസിയാതെ പുറത്തിറങ്ങും. രാജ്യത്തുടനീളമുള്ള 894 ഔട്ട്ലെറ്റുകളിൽനിന്നായി 25 മുതൽ 75 ശതമാനം വരെ കിഴിവോടെ പുണ്യമാസത്തിൽ ഉപഭോക്താക്കൾക്ക് നിത്യവും പർച്ചേസിങ് നടത്താമെന്നതാണ് മറ്റൊരു സൗകര്യം.
വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണസംഘങ്ങൾ, ഔട്ട്ലെറ്റുകൾ എന്നിവയുടെ പ്രതിനിധികളും മന്ത്രാലയത്തിെൻറ പങ്കാളികളും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി വിവിധ സഹകരണ സ്ഥാപനങ്ങളും ഔട്ട്ലെറ്റുകളും റമദാൻ ഡിസ്കൗണ്ട് കാമ്പയിനുകൾ പ്രഖ്യാപിച്ചതായി സാമ്പത്തിക മന്ത്രാലയത്തിലെ മത്സര, ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ മർവാൻ അൽ സബൂസി പറഞ്ഞു. ചില ഔട്ട്ലെറ്റുകളിലെ കാമ്പയിനുകളുടെ പരിധിയിൽ മൊത്തം ഉൽപന്നങ്ങളുടെ എണ്ണം 30,000 വരെയാണ്. നിരവധി ഔട്ട്ലെറ്റുകൾ വിശുദ്ധ മാസത്തിനായി റമദാൻ ബാസ്ക്കറ്റ് സംരംഭവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓപൺ ബാസ്ക്കറ്റുകളുടെ രൂപത്തിൽ ഉപഭോക്താക്കളെ അവരുടെ ഇഷ്ടാനുസരണം അല്ലെങ്കിൽ നിശ്ചിത ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതാണ് റമദാൻ ബാസ്ക്കറ്റ്. നിരവധി അസോസിയേഷനുകളും ഔട്ട്ലെറ്റുകളും അവരുടെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലും പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അൽ സ്ബൂസി വിശദീകരിച്ചു. സെയിൽസ് ഔട്ട്ലെറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ ഈ സംരംഭം സഹായിക്കും.
ഇത് സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ആരോഗ്യ മുൻകരുതലുകൾക്കും ആവശ്യമാണ്. ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനും കോവിഡ് വൈറസിെൻറ വ്യാപനം പരിമിതപ്പെടുത്തുന്നതിനും രാജ്യത്തെ സമർഥരായ അധികാരികൾ അംഗീകരിച്ച എല്ല നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. പ്രധാനമായും സുഹൂർ, ഇഫ്താർ വേളകളിലേക്ക് ആവശ്യമായ ഭക്ഷണപദാർഥങ്ങൾ ഒന്നിച്ച് വാങ്ങി സംഭരിക്കുന്ന പതിവാണ് പൊതുവിൽ കാണുന്നത്. അത്തരക്കാർക്ക് ഏറ്റവും മികച്ച അവസരമായിരിക്കും റമദാനിൽ വരാനിരിക്കുന്ന പ്രത്യേക അവസരം.
മഹാമാരി മൂലം ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറക്കപ്പെടുകയോ ചെയ്ത കുടുംബനാഥർക്ക് വലിയ ആശ്വാസം പകരുന്നതാണ് മന്ത്രാലയം നടത്തിയിരിക്കുന്ന പ്രഖ്യാപനം. രാജ്യത്തെ മിക്ക എമിറേറ്റുകളിലും റമദാൻ കൂടാരങ്ങൾ ഉൾെപ്പടെ നിരോധിക്കുകയും പൊതുസ്ഥലങ്ങളിൽ നടത്തിവരാറുള്ള ഭക്ഷണവിതരണത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്കും സൗജന്യനിരക്കിൽ ഭക്ഷണസാമഗ്രികൾ ലഭിക്കുന്നത് അധികം പ്രയാസപ്പെടാതെ വ്രതമാസം കഴിച്ചുകൂട്ടാൻ സഹായകരമാവും. എന്നാൽ, മിക്ക എമിറേറ്റുകളും സൗജന്യ ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകാനുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇതും വലിയ പ്രതീക്ഷയാണ് തൊഴിലാളികളായ താമസക്കാർക്ക് പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.