ഷാര്‍ജ: കോവിഡ് വിതച്ച പ്രതിസന്ധികള്‍ ശക്തമായി നിലനില്‍ക്കുന്ന ഘട്ടത്തില്‍ റമദാൻ മാസത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ ഷാര്‍ജ ചാരിറ്റി അസോസിയേഷന് (എസ്.സി.എ) രംഗത്ത്. സ്പോണ്‍സര്‍മാരില്‍നിന്നും മനുഷ്യസ്നേഹികളില്നിന്നും 110 മില്യണ്‍ ദിര്‍ഹം സമാഹരിക്കാനുള്ള വിപുല സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയതയെയും മതത്തെയും പരിഗണിക്കാതെ രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കും പ്രത്യേകിച്ച് ഷാര്‍ജ എമിറേറ്റുകളില്‍ ജീവിക്കുന്നവര്‍ക്ക് ചാരിറ്റി സേവനങ്ങള്‍ നല്‍കും. അസോസിയേഷെൻറ മറ്റു ഡ്രൈവുകളെയും പ്രോജക്ടുകളെയും പിന്തുണക്കാനുള്ള കാമ്പയിനിലും വളരെയധികം ശ്രദ്ധപുലർത്തുന്നുണ്ട്. റമദാന് പ്രചാരണത്തിനായുള്ള സുപ്രീം കമ്മിറ്റി 'ജൂഡ്' 11 കോടി ദിര്‍ഹം കൂട്ടാനുള്ള പദ്ധതികള്‍ ആവിഷ്കരിെച്ചന്ന് ചെയര്മാന് ശൈഖ് സാഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
10 ലക്ഷം ഇഫ്താര്‍ ഭക്ഷണം യു.എ.ഇയിലും വിദേശത്തും 15 ദശലക്ഷം ദിര്‍ഹം ചെലവില്‍ വിതരണം ചെയ്യും. അതേസമയം, 25,000 ഗുണഭോക്താക്കള്‍ക്ക് 32 ലക്ഷം ദിര്‍ഹം ചെലവില്‍ ഭക്ഷണ കൊട്ടകള്‍ വിതരണം ചെയ്യും. 20,000 ഗുണഭോക്താക്കളെ സഹായിക്കാനായി സകാത് ഫണ്ടിെൻറ വിഹിതം എട്ടു മില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 15,000 കുടുംബങ്ങള്‍ക്ക് ഈദുൽ ഫിത്ര് സകാത് ഗുണംചെയ്യും. ഇതിന് 30 ലക്ഷം ദിര്‍ഹം ചെലവാകും. പുണ്യകര്‍മത്തില്‍ 5000 ഗുണഭോക്താക്കള്‍ക്ക് 12 ലക്ഷം ദിര്‍ഹം ചെലവില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ ഖാദിം പറഞ്ഞു.
ടാര്‍ഗെറ്റ് ചെയ്ത 550 കുടുംബങ്ങള്‍ക്ക് സന്തോഷം പകരുന്നതിനായി നിരവധി ചാരിറ്റബിള്‍ സംരംഭങ്ങള്‍ ഈ ശക്തമായ കാമ്പയിനില്‍ ഉള്‍പ്പെടുന്നു. പ്രതിമാസ വാടക, വൈദ്യുതി, വാട്ടര്‍ യൂട്ടിലിറ്റി ബില്ലുകള്‍, കുട്ടികളുടെ സ്കൂള്‍ ട്യൂഷന് ഫീസ്, മരുന്നുകള്‍ എന്നിവ അടക്കുന്നതില്‍ വീഴ്ച വരുത്തിയ ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭങ്ങള്‍. ആവശ്യമുള്ളവരുടെ സാമ്പത്തികദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എസ്.സി.എ 7.5 കോടി ദിര്‍ഹം നീക്കിെവച്ചിട്ടുണ്ട്. എസ്.സി.എ അന്താരാഷ്ര്ട ചാരിറ്റബിള്‍ പ്രോജക്ടുകള്‍ ആരംഭിച്ചതായും ഇതിനായി 23.5 ദശലക്ഷം ദിര്‍ഹം വകയിരുത്തിയതായും ബിന്‍ ഖാദിം പറഞ്ഞു.
24 ലക്ഷം ദിര്‍ഹം ചെലവില്‍ 'ലിറ്റില്‍ ഹാര്‍ട്ട്സ്' പോലുള്ള അഞ്ച് കാമ്പെയ്നുകള്‍ ആരംഭിക്കാനും 251 കുട്ടികള്‍ക്ക് കാതറൈസേഷന് ശസ്ത്രക്രിയ നടത്താനും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ഒമ്പത് സ്കൂളുകള്‍ ആരംഭിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. പാവപ്പെട്ടവരെയും അനാഥരെയും പാര്‍പ്പിക്കാനായി 109 വീടുകള്‍ നിര്‍മിക്കാനും 87 ലക്ഷം ദിര്‍ഹം ചെലവില്‍ സംയോജിത ചാരിറ്റബിള്‍ വില്ലേജുകള്‍ സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. നീണ്ട വരള്‍ച്ചയും മഴയുടെ അഭാവവും നിലനില്‍ക്കുന്ന വിദൂര ഗ്രാമങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാനായി 21 കിണറുകള്‍ കുഴിക്കും. കുടിവെള്ളപദ്ധതിക്ക് 24 ലക്ഷം ദിര്‍ഹം ചെലവഴിക്കും. 55 ലക്ഷം ദിര്‍ഹം വിലവരുന്ന 17 പള്ളികളും സംഘടന നിര്‍മിക്കുമെന്ന് ബിന്‍ ഖാദിം പറഞ്ഞു.
റാസൽഖൈമയിലും റമദാൻ തമ്പുകൾക്ക് നിരോധനം
റാസല്‍ഖൈമ: റമദാന് മാസാചരണത്തോടനുബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് റാക് അടിയന്തര ദുരന്തനിവാരണ വകുപ്പ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ തുടരുന്നതിനൊപ്പം ഭക്ഷണ പാചക-വിതരണവുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ നിഷ്കര്‍ഷിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. റമദാൻ തമ്പുകൾക്കും പൊതുസ്ഥലങ്ങളിൽ ഭക്ഷണം പങ്കിട്ട് കഴിക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണവിതരണം അംഗീകൃത ചാരിറ്റി സംഘം, നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന െറസ്റ്റാറൻറുകള് തുടങ്ങിയവയുടെ ഏകോപനത്തിലൂടെ നടത്തുക, ഭക്ഷ്യ വിഭവങ്ങള്‍ തയാറാക്കുന്നിടങ്ങളില് ശുചിത്വ പാലനം കര്‍ശനമാക്കുക, ഭക്ഷണം തയാര്‍ ചെയ്യുന്നവരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യസംരക്ഷണത്തിന് ഊന്നല്നല്കുക.
ഭക്ഷണം അടച്ചുറപ്പുള്ള ബോക്സുകളിലോ ബാഗുകളിലോ മാത്രം സൂക്ഷിക്കുക, വീടുകളില്‍ ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നത് ഒഴിവാക്കുക, പ്രതിരോധ നടപടികള്‍ പാലിച്ച് മാത്രം െറസ്റ്റാറൻറുകള് പ്രവര്‍ത്തിക്കുക, സന്നദ്ധപ്രവര്‍ത്തകരും തൊഴിലാളികളും മാസ്കുകളും ഗ്ലൗസുകളും ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക, ഓരോ വ്യക്തികളും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയതാണ് പുതിയ നിര്‍ദേശങ്ങള്‍.
വിശുദ്ധമാസാചരണം സുരക്ഷിതമാക്കുകയും പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് റാക് പൊലീസ് മേധാവിയും ദുരന്തനിവാരണ വകുപ്പ് ചെയര്‍മാനുമായ മേജര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി അബ്ദുല്ല ബിന്‍ അല്‍ നുഐമി പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയും നിയമനടപടികളുള്‍പ്പെടെ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.