അജ്മാന്: വിശുദ്ധ മാസമായ റമദാനില്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് അജ്മാന് പൊലീസിെൻറ ആഭിമുഖ്യത്തിലുള്ള പ്രതിസന്ധി, ദുരന്ത നിവാരണ സമിതി. റമദാനില്‍ വീടുകള്‍ കേന്ദ്രീകരിച്ച് കൂട്ടംകൂടുന്നതും കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തുന്നതും പരമാവധി ഒഴിവാക്കി പകരം സമൂഹമാധ്യമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സമിതി ആഹ്വാനം ചെയ്തു. നോമ്പുതുറ, അത്താഴം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കുടുംബങ്ങള്‍ക്കും മറ്റു വീടുകളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതിയില്ല. അതേസമയം, ഒരേ വീട്ടിലുള്ളവര്‍ക്ക് ഇത് ബാധകമല്ല. റമദാനുമായി ബന്ധപ്പെട്ട് തിരക്കുള്ള മാളുകളിലും ഷോപ്പുകളിലും ജനക്കൂട്ടം ഉണ്ടാകുന്നതരത്തിലുള്ള പരിപാടികള്‍ അനുവദിക്കില്ല.
അതേസമയം, സ്ഥലത്തിെൻറ ആനുപാതികമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ളവക്ക് തടസ്സമുണ്ടാകില്ല. ജനങ്ങള്‍ തടിച്ചുകൂടുന്നതരത്തിലുള്ള ഭക്ഷണ വിതരണത്തിന് ടെൻറുകള്‍ അനുവദിക്കില്ല. ആളുകളുടെ ജോലിസ്ഥലങ്ങളില്‍ ഖുര്‍ആനോ മാറ്റ് സമ്മാനങ്ങളോ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതിയുള്ള ഔദ്യോഗിക ചാരിറ്റി സംഘങ്ങള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. റസ്റ്റാറൻറുകള്‍ക്ക് സ്ഥാപനത്തിനകത്തോ പുറത്തോ ഇഫ്താര്‍ ഭക്ഷണം വിതരണത്തിന് അനുമതിയില്ല. പ്രത്യേക അനുമതിയുള്ളവരെ മാത്രമേ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ ഭക്ഷണവിതരണത്തിന് അനുവദിക്കൂ. ഖുര്‍ആന്‍ പാരായണം സ്മാർട്ട് ഉപകരണങ്ങളിലൂടെ നിർവഹിക്കാനും സകാത് അടക്കമുള്ള ദാനധര്‍മങ്ങള്‍ ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യാനും നിര്‍ദേശമുണ്ട്. ഭിക്ഷാടനമടക്കമുള്ള നിരോധിക്കപ്പെട്ട പ്രവൃത്തികള്‍ ശ്രദ്ധയിൽപെട്ടാല്‍ അധികൃതരെ അറിയിക്കാനും നിര്‍ദേശിച്ചു.
പള്ളികളില്‍ ഇഫ്താര്‍ സൗകര്യങ്ങളോ ഭക്ഷണവിതരണമോ നടത്താന്‍ അനുമതിയില്ല. ചാരിറ്റബിൾ സംഘങ്ങളുമായി ചേര്‍ന്ന് പള്ളിക്കോ വീടുകല്ക്കോ മുന്നില്‍ ഭക്ഷണ വിതരണം നടത്തരുത്. പതിവ് നമസ്കാരത്തിന് നിര്‍ദേശിച്ച എല്ലാ മാനദണ്ടങ്ങളും തറാവീഹ് നമസ്കാരങ്ങള്‍ക്കും പാലിക്കണമെന്നും അര മണിക്കൂറിനുള്ളില്‍ ഇശാഹ്, തറാവീഹ് നമസ്കാരങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും നമസ്കാരം കഴിഞ്ഞയുടനെ പള്ളി അടക്കണമെന്നും സ്ത്രീകളുടെ പ്രാർഥനാ സ്ഥലം തുറക്കരുതെന്നും പള്ളിക്കകത്ത് ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തരുതെന്നും അത്തരം പരിപാടികള്‍ ഇലക്ട്രോണിക് സംവിധാനം വഴിയാകാമെന്നും നിര്‍ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.