ദുബൈ: കടന്നുപോയിട്ടില്ല ഇൗയടുത്തൊന്നും ഇതുപോലൊരു നോമ്പുകാലം. പ്രവാസലോകത്തെ റമദാെൻറ മധുരം പറഞ്ഞാൽ തീരില്ലായിരുന്നു, ഒരുതവണയെങ്കിലും അതു നുകർന്നവർക്ക്. ആളാരവം മുഴങ്ങുന്ന സൂഖുകൾ, മാളുകൾ, പകലിനേക്കാളേറെ തിളക്കമുള്ള നൈറ്റ് ബസാറുകൾ, തിങ്ങിനിറഞ്ഞ പള്ളികൾ, വിഭവസമൃദ്ധമായ ഇഫ്താർ ടെൻറുകൾ, സൗഹൃദം പൂക്കുന്ന സുഹൂർ വിരുന്നുകൾ... നാട്ടിലേക്ക് പണമയക്കാനും പെരുന്നാൾ കുപ്പായങ്ങളും സമ്മാനങ്ങളും കാർഗോ അയക്കാനും ഒാടിനടന്നിരുന്ന മനുഷ്യർ... ഇൗ കാഴ്ചകളെ ഒഴിവാക്കി റമദാൻ സങ്കൽപിക്കാൻപോലും കഴിയില്ലായിരുന്നു. ഇന്ന് പള്ളികളെല്ലാം അടഞ്ഞുകിടക്കുന്നു, ഇഫ്താർ തമ്പുകളൊന്നും ഇക്കുറി ഉയർന്നതേയില്ല, നോമ്പിനും പണിത്തിരക്കൊഴിയാഞ്ഞ പലരും പണിയില്ലാതെ മുറിയിലിരിക്കുന്നു. പണമോ സമ്മാനമോ അല്ല, തങ്ങളുടെ പ്രിയപ്പെട്ടവർ അരികിലൊന്നെത്തിക്കിട്ടിയാൽ മതിയെന്ന് പ്രാർഥിക്കുകയാണ് നാട്ടിലുള്ള ഉറ്റവർ. ഒന്നിച്ചുതാമസിച്ചതും ജോലി ചെയ്തവരുമായ പലരും സമ്പർക്കവിലക്കിൽ, ചിലർ ആശുപത്രികളിൽ... മറ്റു ചിലർ സർക്കാർ എന്നോ അയക്കുമെന്ന് പറയപ്പെടുന്ന കപ്പലിനും വിമാനത്തിനുമൊന്നും കാത്തുനിൽക്കാതെ, യാത്രപോയിരിക്കുന്നു. സാധാരണ ഗതിയിൽ ഏതു മനുഷ്യസമൂഹവും തകർന്നും തളർന്നും പോകുന്ന വല്ലാത്തൊരു അവസ്ഥയാണിന്ന്. പക്ഷേ, തളർച്ചക്കും വിങ്ങലുകൾക്കുമിടയിലും ഇൗ പ്രവാസലോകത്ത് ആരും തോറ്റുപോകുന്നില്ല, സഹജീവികളെ തോൽക്കാൻ സമ്മതിക്കുന്നുമില്ല. കരുതലിെൻറ കരംകൊണ്ട് ചേർത്തുപിടിക്കുകയാണ് നമ്മളിവിടെ.
സ്വന്തം കുഞ്ഞുമക്കളെപ്പോലും ഒരുനോക്കുകാണാൻ പോകാെത കോവിഡ് വാർഡുകളിൽ കാവലിരിക്കുന്നു ആരോഗ്യ പ്രവർത്തകർ. പ്രവാസമണ്ണിൽ മലയാള നാടിനെ അടയാളപ്പെടുത്തിയ വ്യവസായ പ്രമുഖർ നന്മയുടെ ഒാരോ കൂട്ടായ്മയെയും കണക്കുവെക്കാതെ കൈയയച്ചാണ് പിന്തുണക്കുന്നത്. ലുലു, നെസ്റ്റോ, ബിസ്മി, സഫാരി, അൽ മദീന, ഗ്രാൻഡ്, മലബാർ, തലാൽ, ഹാഷിംസ്, സാജിദ ഇവയൊന്നും വെറും കച്ചവടസ്ഥാപനങ്ങൾ മാത്രമെല്ലന്ന് ബോധ്യപ്പെടുത്തിയിരിക്കുന്നു ഇൗ ദിവസങ്ങൾ. ഹോട്ടലുകളും റസ്റ്റാറൻറുകളും പെട്ടിയിൽ വീഴുന്ന പണത്തെക്കുറിച്ചല്ല, ഏതോ ഒരു മുറിയിൽ ഒറ്റപ്പെട്ടിരിക്കുന്ന മനുഷ്യരുടെ വിശപ്പിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഒരാളും ഭക്ഷണമില്ലാതെ വിശന്നിരിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഒാടി നടക്കുന്ന സന്നദ്ധ സേവകർ. ഏഴ് എമിറേറ്റുകളിലെയും കെ.എം.സി.സി പ്രവർത്തകർ നടത്തിവരുന്ന സേവനങ്ങൾ താളുകളിൽ എഴുതിയാൽ തീരില്ല, ഷാർജ, ഉമ്മുൽഖുവൈൻ, ഫുജൈറ, അജ്മാൻ ഇന്ത്യൻ അസോസിയേഷനുകൾ, സോഷ്യൽ സെൻററുകൾ, മലയാളി സമാജങ്ങൾ, പൂർവവിദ്യാർഥി സംഘടനകൾ, എം.എസ്.എസ്, ഇൻകാസ് പ്രവർത്തകർ, പ്രവാസി ഇന്ത്യ, െഎ.സി.എഫ്, ആർ.എസ്.സി, വിഖായ, ഇസ്ലാഹി സെൻറർ, െഎ.എം.സി.സി, കേരള പ്രവാസി ഫോറം, അക്കാഫ്, ഇന്ത്യൻ പീപ്ൾസ് ഫോറം, െഎ.പി.എ, പി.ആർ.ഒ അസോസിയേഷനുകൾ, ശക്തി ഇവരുടെയെല്ലാം പ്രസക്തി കൂടുതൽ വെളിപ്പെട്ട നാളുകളാണിത്. ജോലി നഷ്ടപ്പെട്ടതും ശമ്പളം വെട്ടിക്കുറപ്പെട്ടതുമൊന്നും മറ്റുള്ളവർക്ക് സേവനം ചെയ്യുന്നതിൽനിന്ന് ഒരു പ്രവാസിയെയും തടഞ്ഞു നിർത്തുന്നില്ല എന്നുതന്നെ പറയണം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രക്തബാങ്കുകളിൽ രൂക്ഷമായ ക്ഷാമമുണ്ട്. ആശുപത്രി അധികൃതർ വിളിച്ച് ആവശ്യപ്പെടുന്ന മാത്രയിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും നൂറിലേറെ യൂനിറ്റ് രക്തം സജ്ജമാക്കി നൽകാനും ചോരത്തിളപ്പു കാണിക്കുന്നു മലയാളി.
മരുന്നിനായി ബുദ്ധിമുട്ടിയ ഒരു ചെറുപ്പക്കാരനെക്കുറിച്ച് ഒരു ഡോക്ടർ എഴുതിയ കുറിപ്പ് വായിച്ച് ഞങ്ങളിവിടെയുള്ളപ്പോൾ ആരെങ്കിലും മരുന്നില്ലാതെ വിഷമിക്കുന്ന അവസ്ഥയുണ്ടാവില്ല എന്നു പറഞ്ഞ വലിയ മനസ്സുകളുമുണ്ടിവിടെ. നിയന്ത്രണങ്ങൾ നീക്കിയതോടെ റിക്രൂട്ട്മെൻറുകളും പുനരാരംഭിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു സ്ഥാപനം ജീവനക്കാരെ ക്ഷണിക്കവെ വിസിറ്റ് വിസയിൽ എത്തി മടങ്ങാൻ കഴിയാത്തവർക്കും കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവർക്കും മുൻഗണന നൽകിയത് കണ്ണുനനയിച്ചു. മുൻവർഷങ്ങളിൽ റസ്റ്റാറൻറുകളിലും ഹാളുകളിലും നക്ഷത്രഹോട്ടലുകളിലും ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ചവർ, ഇക്കുറിയും അതേ പോലെ നടത്തുവാൻ പദ്ധതിയിട്ടിരുന്നവർ ആ തുകകൂടി സാധുക്കൾക്ക് ഭക്ഷണത്തിനും ജോലി നഷ്ടപ്പെട്ടിരിക്കുന്നവർക്ക് സമാശ്വാസത്തിനുമായി ചെലവിട്ടാൽ നമ്മളീ കടന്നുപോകുന്ന പ്രയാസങ്ങൾക്ക് കൂടുതൽ ആശ്വാസമുണ്ടാകും.
കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല, അതിനായി ഉറക്കമൊഴിച്ച് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുകയാണ് വൈദ്യശാസ്ത്ര ലോകം. പക്ഷേ, കോവിഡ് സൃഷ്ടിച്ച മുറിവുകൾ ഇല്ലാതാക്കാനുള്ള മരുന്ന് മനുഷ്യത്വം മാത്രമാണ്. അത് നമ്മിൽ ആവോളമുണ്ട്. പള്ളിയിൽ ഒത്തുചേർന്ന് പ്രാർഥിക്കാനും ഇഫ്താർ വിരുന്നുകളൊരുക്കാനും കഴിയാത്തതുകൊണ്ട് വിഷമിക്കുന്ന നൂറുകണക്കിനാളുകളുണ്ട്. വേദനിക്കാതിരിക്കുക, എല്ലാം നഷ്ടപ്പെട്ടു എന്ന ഘട്ടത്തിൽ നിൽക്കുേമ്പാഴും അപരെൻറ വേദനകളും ഇല്ലായ്മകളും തിരിച്ചറിഞ്ഞ് അതിന് ശമനം നൽകാൻ നടത്തുന്ന ശ്രമങ്ങൾ അത് പടച്ചതമ്പുരാൻ കാണാതിരിക്കില്ല, ഒരുപക്ഷേ ദൈവത്തിെൻറ കണക്കുപുസ്തകത്തിൽ ഏറ്റവും കൂടുതൽ നന്മകൾ രേഖപ്പെടുത്തുന്ന റമദാനിലാവും നമ്മളുള്ളത്. ഒത്തിടെട്ട!, വിധിയായിടെട്ട!!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.