വടകര താലൂക്ക് തൂണേരി മുടവന്തേരി പരേതനായ കുനിയിൽ കുഞ്ഞമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മക്ക് ഓർമയിലെ നോമ്പുകാലം ദാരിദ്ര്യം മുനിഞ്ഞുകത്തുന്ന കാലത്തിെൻറ വായനയാണ്. നോമ്പിനെ മറ്റു മാസങ്ങളിൽനിന്ന് വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടള്ളത്ര ദാരിദ്ര്യത്തിൽ മുങ്ങിപ്പോയ നോമ്പുകാലം. എങ്കിലും തുടക്കുമ്പോൾ കൂടുതൽ മിനുക്കത്തോടെ തെളിയുന്ന ഓർമകൾതന്നെയാണ് നോമ്പുകാലം ഹജ്ജുമ്മയിലുണർത്തുന്നത്. എഴുപത് വർഷം പിന്നിട്ടുപോയ നോമ്പുകാലത്തെ സമൃദ്ധമായ ഓർമകളാൽ വീണ്ടും വായിച്ചെടുക്കുകയാണ് 90 വയസ്സ് പിന്നിട്ട് ഹലീമ ഹജ്ജുമ്മ; ബർമയിൽ വ്യാപാരിയായിരുന്നു ഭർത്താവ് കുഞ്ഞമ്മദ് കുട്ടി ഹാജി. പ്രവാസം താൽകാലികമായി അവസാനിപ്പിച്ച് നാട്ടിൽ ചില്ലറ കച്ചവടങ്ങളുമായി കഴിയവേയാണ് പെട്ടെന്നൊരു നാൾ മൂപ്പര് മരണപ്പെടുന്നത്. ആറു പറക്കമുറ്റാത്ത മക്കളായിരുന്നു. മൂത്തമകന് പന്ത്രണ്ടോ, പതിമൂന്നോ പ്രായം. ഇളയ മകൾക്ക് ഒരു വയസ്സുപോലും പൂർത്തിയായിട്ടില്ല. ആറുമക്കളെ പോറ്റാൻ മാത്രമൊന്നുമില്ല സമ്പാദ്യങ്ങളെന്ന് മരിച്ച ശേഷമാണ് തിരിച്ചറിയുന്നത്.
തിരിച്ചറിവിന് മുന്നിൽ പകച്ചുപോയ നാളുകൾ. അധികമൊന്നും ആലോചിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല. പിന്നീട് ഒരു പോരാട്ടമായിരുന്നു. ഇളയ കൂട്ടികളെ മൂത്ത കുട്ടികൾക്കടുത്ത് നിർത്തി ‘കണ്ണാടിക്കുട്ട’യിൽ തേങ്ങ ചുമന്നും ഓലമടഞ്ഞും വയലുകളിൽ നെല്ലു‘മൂർന്നും’കഠിനാധ്വാനം ചെയ്തു. കിട്ടാവുന്ന പണികളെല്ലാം പകലന്തിയോളം ചെയ്തു. ഒന്നു രണ്ടു വർഷങ്ങൾക്കു ശേഷം എെൻറ കഷ്ടപ്പാട് കണ്ടിട്ടാവാം മൂത്ത മകൻ പഠനമവസാനിപ്പിച്ച് ജോലി അന്വേഷിച്ചിറങ്ങി. അതോടെ ഒരളവോളം ആശ്വാസമായി. പിന്നീടൊരിക്കൽ ഓർത്തുപറയാൻ മാത്രം മധുരമുള്ളതൊന്നുമല്ല അന്നത്തെ നോമ്പുകാലം. മറ്റു മാസങ്ങളിൽനിന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടും ദുരിതവും തന്നെയായിരുന്നു നോമ്പുകാലത്തും കൂട്ട്. ഇല്ലായ്മയുടെ നോവുന്ന നോമ്പുകാലങ്ങൾതന്നെയാണ് ഇപ്പോഴും മനസ്സിൽ. എങ്കിലും വിധിയോട് പൊരുതി അന്തസ്സോടെ അധ്വാനിച്ച് മക്കളെ വലിയ നിലയിലേക്ക് കരകയറ്റാനായത് പടച്ചോെൻറ അനുഗ്രഹംകൊണ്ടു മാത്രമാണ്. കടത്തനാടൻ ഗ്രാമങ്ങളിൽ നോമ്പുകാലം പടിക്കലെത്തും മുമ്പേ ‘മുട്ടുവിളിക്കാർ’ വീടുകൾ തോറും കയറിയിറങ്ങും. രണ്ടോ മൂന്നോ പേരടങ്ങളുന്ന സംഘം വാദ്യമേളങ്ങളോടെ പ്രത്യേക ഈണത്തിൽ പ്രവാചക കീർത്തനങ്ങൾ പാടിയായിരിക്കും വരുക. വീടുകളിലെത്തിയാൽ മുട്ടുകാർക്ക് കാശ് കൊടുക്കണമെന്നാണ് നാട്ടുനടപ്പ്. അതില്ലെങ്കിൽ ഒരൽപം അരിയോ, മുട്ടയോ എന്തെങ്കിലും... ഓർമകളിലെ അത്താഴം മുട്ടും, നോമ്പുതുറ സമയത്തെ വെടിയും മറ്റൊരു കൗതുകം. ഘടികാരവും മൈക്കുമൊന്നുമില്ലാത്ത കാലത്ത് സമയമറിയിക്കാൻ ബൈത്ത് പാടി പെരുമ്പറ മുട്ടി നാട്ടുവഴികളിലൂടെ രാത്രിയുടെ രണ്ടാം യാമങ്ങളിൽ സഞ്ചരിക്കും അത്താഴംമുട്ടുകാർ.
നോമ്പുതുറ നേരമറിയിക്കുന്നതിന് മാഹിയിൽ പൊട്ടിക്കാറുണ്ടായിരുന്ന വെടിയൊച്ച എനിക്കിപ്പോഴും ഓർമയുണ്ട്. വീടിന് ചുറ്റും തഴച്ചുവളർന്നിരുന്ന ചേമ്പും ചേനയും താളും തകരയും ചക്കയും മാങ്ങയുമൊക്കെ തന്നെയായിരുന്നു നോമ്പുകാലത്തെ വിഭവങ്ങൾ. ചിമ്മിണിവിളക്കിെൻറ ഇത്തിരിയോളം വെളിച്ചത്തിൽ അത്താഴം കഴിക്കൽ... ഞാൻ പഠിച്ച പാഠം പഠിപ്പിച്ചാണ് മക്കളെ വളർത്തിയത്. അതുകൊണ്ടുതന്നെ മക്കളെല്ലാം ജീവിതത്തിൽ ഫുൾ മാർക്ക് വാങ്ങിച്ചവരാണ്. അന്നത്തെ കുട്ടികൾ ഇന്ന് വലിയവരായി, വലിയ നിലയിലുമായി. അവർക്ക് മക്കളും പേരമക്കളുമായി. മൂന്ന് തലമുറയുടെ കളിചിരികൾ എനിക്കും കാണാനായി. പടച്ചോെൻറ കൃപ കൊണ്ടു മൂന്നുവട്ടം പരിശുദ്ധ ഹജ്ജിനും പോയി. മക്കൾക്കും പേരമക്കൾക്കുമൊപ്പം പലവട്ടം ഗൾഫുനാടുകളും കണ്ടു. ഇപ്പോൾ ഞാൻ ഇളയ മോൾക്കൊപ്പം വിശ്രമത്തിലാണ്.
ഓർത്തെടുത്തത്:
ഹലീമ ഹജ്ജുമ്മ കെ.ടി.കെ
കേട്ടെഴുതിയത്:
ഐ.കെ.ടി. ഇസ്മായിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.