ദുബൈ: പരിശുദ്ധമാസം വിടപറയുവാൻ മണിക്കൂറുകൾ മാത്രം. റമദാനിലെ വികാരനിർഭരമായ അവസാന വെള്ളിയാഴ്ചയിലാണ് നമ്മളുള്ളത്. സാധാരണ ഗതിയിൽ ഒാരോ വിശ്വാസിയും ഏറെ നേരത്തേ പള്ളിയിലെത്തി പ്രാർഥനാനിരതരാകുമായിരുന്നു. ഇൗ റമദാനിൽ ചെയ്ത സൽക്കർമങ്ങളെല്ലാം സ്വീകരിക്കണേ എന്ന് പടച്ച തമ്പുരാനോട് മനസ്സുരുകി പ്രാർഥിക്കുമായിരുന്നു. അടുത്ത റമദാനിൽ നമ്മൾ ആരൊക്കെയുണ്ടാവും എന്നറിയില്ലെന്നോർത്ത് കരയുകയും പശ്ചാതപിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇന്ന് പള്ളികൾ അടഞ്ഞുകിടക്കുകയാണ്. ഇൗ മഹാവ്യാധിയുടെ വ്യാപനം തടയുവാൻ ബഹുമാന്യ പണ്ഡിത ശ്രേഷ്ഠരുടെ ഉപദേശാനുസരണം സർക്കാർ കൈക്കൊണ്ട തീരുമാനമാണത്. ഇൗ പെരുന്നാൾ സുദിനത്തിലും പള്ളികളിൽ സമൂഹ പ്രാർഥന ഉണ്ടാവില്ല. പക്ഷേ, മനസ്സുകളിൽ പ്രാർഥനക്ക് കുറവുവരുത്തരുത്. ഏകാഗ്രമായി പ്രാർഥിക്കുക- ഇൗ പ്രതിസന്ധിയിൽനിന്ന് നാടിനെയും വീടിനെയും മുഴുലോകരെയും മോചിപ്പിക്കണമെന്ന്.
ഇൗ വിഷമസ്ഥിതിയിൽ എല്ലാം മറന്ന് സമൂഹ നൻമക്കായി ഇറങ്ങിപ്പുറപ്പെട്ട ആരോഗ്യപ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും എല്ലാ നന്മകളും നൽകണമെന്ന്. സമ്പാദ്യങ്ങൾ കൈവശം വെക്കുന്നതുകൊണ്ട് മാത്രം ഒരാൾ സുരക്ഷിതനല്ല എന്ന് നമുക്ക് ബോധ്യപ്പെട്ട നാളുകളാണിത്. അർഹരായ മനുഷ്യർക്ക് നമ്മുടെ സമ്പാദ്യത്തിൽനിന്ന് അവരുടെ ഒാഹരികൾ നൽകുക. ഫിത്ർ സകാത്തിെൻറ പ്രാധാന്യം ഇന്ന് നമുക്കേവർക്കും മനസ്സിലാവും.
ഒരു നേരത്തെ ഭക്ഷണത്തിന് വകുപ്പില്ലാതെ മുറികളിൽ കഴിഞ്ഞുകൂടുന്ന ഒരുപാട് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവർ പെരുന്നാൾ ദിനത്തിലും തുടർന്നും പട്ടിണിയാവുന്നില്ല എന്ന് ഉറപ്പുവരുത്തുക. പ്രാർഥനയിലൂടെയും പ്രവൃത്തിയിലൂടെയും നമുക്ക് ഇൗ പ്രതിസന്ധിഘട്ടത്തെയും മറികടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.