ദുബൈ: ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിൽ യു.എ.ഇ മുന്നിൽ. സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ പുറത്തുവിട്ട 2022ലെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എണ്ണ ഇതര മേഖലയുടെ തിരിച്ചുവരവ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന(ജി.ഡി.പി) വളർച്ച ദ്രുതഗതിയിലാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക സാമ്പത്തിക വ്യവസ്ഥ പണപ്പെരുപ്പം അടക്കമുള്ള കാരണങ്ങളാൽ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് രാജ്യത്തിന് നേട്ടം കൊയ്യാനായതെന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഏറ്റവും വേഗതയിൽ വളരാൻ സാധിച്ച സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് യു.എ.ഇ. യാത്ര-വിനോദ സഞ്ചാരം, റിയൽ എസ്റ്റേറ്റ്, നിർമാണം, വ്യവസായം, ദുബൈ എക്സ്പോയും ഖത്തറിൽ നടന്ന ഫിഫ വേൾഡ് കപ്പുമായും ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങൾ എന്നിവയെല്ലാം നേട്ടത്തിന് കാരണമായിട്ടുണ്ട്. യു.എ.ഇയുടെ ജി.ഡി.പി 2022ൽ 7.9ശതമാനമാണ് വളർന്നനതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തിൽ 4.4ശതമാനം വളർച്ച മാത്രമാണ് നേടാനായത്. എണ്ണ മേഖലയിൽ 9.5ശതമാനം വളർച്ചയും എണ്ണേതര മേഖലയിൽ 7.2ശതമാനവുമാണ് നേട്ടമുണ്ടാക്കാനായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശീയ ആളോഹരി വരുമാനത്തിൽ ആഗോളതലത്തിൽ യു.എ.ഇ ഏഴാം സ്ഥാനത്താണ് ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിൽ വ്യക്തമാകുന്നുണ്ട്. രാജ്യത്ത് ആളോഹരി വരുമാനം വർധിക്കുകയും ചെയ്തിട്ടുണ്ട്. അന്തരാരഷ്ട്ര തലത്തിൽ ജനങ്ങളുടെ പർചേസിങ് പവർ പാരിറ്റി(പി.പി.പി) അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന 2022ലെ ആളോഹരി വരുമാന കണക്കാണ് ലോകബാങ്ക് നേരത്തെ പുറത്തുവിട്ടത്. ഇന്റർനാഷണൽ ഡോളറിൽ 10,781ആയിരുന്ന പി.പി.പി 2022ൽ 87,729ഡോളറായാണ് വർധിച്ചത്.
വിവിധ രാജ്യങ്ങളുടെ വാങ്ങൽശേഷി താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് ഇന്റർനാഷണൽ ഡോളർ. ഏറ്റവും പുതിയ ലോകബാങ്ക് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെട്ടിരിക്കയാണ്.
യു.എ.ഇയിലെ ആളോഹരി വരുമാനം യു.എസ് ഡോളറിൽ 48,950 ആണ്. കഴിഞ്ഞ തവണ 43,460ആയിരുന്നതാണ് വർധിച്ചത്. മാത്രമല്ല, കോവിഡിന് മുമ്പുണ്ടായിരുന്ന 46,210 മറികടക്കാനും ഇത്തവണ സാധിച്ചതായി ലോക ബാങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും എണ്ണയിതര വരുമാനം വർധിച്ചിട്ടുണ്ട്. ദുബൈ എമിറേറ്റിൽ മാത്രം എണ്ണയിതര വ്യാപാര മേഖല കഴിഞ്ഞ 10മാസത്തിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് ജൂണിൽ രേഖപ്പെടുത്തിയത്. ദുബൈയുടെ സാമ്പത്തിക രംഗം 2022ലെ ആദ്യ ഒമ്പതു മാസങ്ങളിൽ 4.6ശതമാനം എന്ന നിലയിലാണ് വളർച്ച രേഖപ്പെടുത്തിയത്.
ഈ ഘട്ടത്തിൽ മൊത്ത വ്യാപാരവും ചെറുകിട വ്യാപാരവുമാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 24.1ശതമാനം നേടിയെടുത്തത്. യാത്രാ മേഖലയിലും ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.