ദുബൈ: യു.എ.ഇയിലേക്ക് മടങ്ങുന്ന പ്രവാസികളിൽനിന്ന് റാപിഡ് പി.സി.ആർ പരിശോധനക്ക് വൻനിരക്ക് ഇടാക്കുന്ന പ്രശ്നത്തിന് പരിഹാരമായില്ല. സാമ്പത്തികപ്രയാസങ്ങൾക്കിടയിലും വലിയ തുക വിമാന ടിക്കറ്റിന് ചെലവഴിച്ച് മടങ്ങുന്ന പ്രവാസികളിൽനിന്ന് റാപിഡ് പരിശോധനയുടെ പേരിൽ കൊള്ളനിരക്ക് വാങ്ങുന്നതിൽ പ്രതിഷേധമുയർന്നിട്ടും സർക്കാർ ഇടപെടാൻ മടിക്കുകയാണ്.
യു.എ.ഇയിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചിട്ട് ഒരുമാസം തികഞ്ഞിട്ടും പ്രവാസികളുന്നയിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല.
കെ.എം.സി.സി, ഇൻകാസ്, ഓൾ കേരള പ്രവാസി അസോസിയേഷൻ തുടങ്ങിയ സംഘടനകൾ ആഴ്ചകളായി വിഷയം ഉന്നയിക്കുകയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ പ്രതിഷേധം 'ഗൾഫ് മാധ്യമം' നേരത്തെ വാർത്തയാക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രവാസികളുടെ ന്യായമായ ആവശ്യത്തിനുനേരെ സർക്കാർ അലംഭാവ സമീപനം തുടരുകയാണെന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നു. തിരുവനന്തപുരത്ത് 3400 രൂപയും മറ്റ് വിമാനത്താവളങ്ങളിൽ 2500 രൂപയുമാണ് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. ഇതിന് പുറമെ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധനക്ക് 500 രൂപയും നൽകണം. കുടുംബമായി മടങ്ങുന്നവർക്കും ജോലി അന്വേഷിച്ച് വിസിറ്റ് വിസയിൽ പോകുന്നവർക്കും ഇത് വലിയ ബാധ്യതയാണ്. മൂന്നും നാലും പേരടങ്ങുന്ന കുടുംബത്തിന് പതിനായിരത്തിലേറെ രൂപയാണ് ഇതിന് മാത്രമായി ചെലവ് വരുന്നത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും പരിശോധനക്ക് 500 രൂപയാണ് ഈടാക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ വിമാനത്താവളത്തിൽ സൗജന്യ പി.സി.ആർ പരിശോധന നൽകുേമ്പാഴാണ് സ്വന്തം നാട്ടിലെ സർക്കാർ കൊള്ളനിരക്ക് ഈടാക്കുന്നത്. കേരളസർക്കാർ ഇടപെട്ട് പരശോധന സൗജന്യമാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
നേരത്തെ, നാട്ടിലെത്തുന്ന പ്രവാസികളിൽനിന്ന് പി.സി.ആർ പരിശോധനക്ക് 1700 രൂപ ഈടാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിശോധന സൗജന്യമാക്കി. ഇത്തരമൊരു ഇടപെടലാണ് ഇക്കുറിയും ആവശ്യപ്പെടുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് റാപിഡ് ടെസ്റ്റ് തുക പൂർണമായും സൗജന്യമാക്കുകയോ മറ്റു സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന തുകയായ 500 രൂപയാക്കുകയോ ചെയ്യണമെന്ന് വിവിധ പ്രവാസി സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രവാസി സംഘടനകൾ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.