ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരിൽ നിന്ന് ആർ.ടി.പി.സി.ആർ പരിശോധനക്ക് നീതീകരിക്കാനാവാത്ത നിരക്ക് ഈടാക്കുന്ന നടപടിക്കെതിരെ മുസ്ലിംലീഗ് നേതൃത്വവുമായി ആലോചിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി.
കേരളത്തിെൻറ സമ്പദ്വ്യവസ്ഥക്ക് വലിയ സംഭാവനകൾ നൽകുന്ന വിഭാഗമാണ് പ്രവാസികൾ. നീണ്ടകാലത്തെ കോവിഡ് ദുരിതവും യാത്രാവിലക്കും പിന്നിട്ട് നാട്ടിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്ന് കൊള്ളനിരക്ക് ഈടാക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.
ഇത് പിൻവലിക്കണമെന്നും പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കണമെന്നും കേരള സർക്കാറിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ കേരളത്തിലെ പാർട്ടി നേതൃത്വവുമായി ആലോചിച്ച് പ്രത്യക്ഷ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യും -കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനും ഒരുപോലെ ബാധ്യതയുണ്ടെന്നും 2500ലേറെ രൂപ ആർ.ടി.പി.സി.ആറിന് ഈടാക്കുന്ന സമീപനം ലോകത്തെവിടെയും ഇല്ലാത്തതാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരളത്തിലെ പാർട്ടി ജനപ്രതിനിധികൾ നിയമസഭയിലും മറ്റും വിഷയം ഉന്നയിച്ചിട്ടും സർക്കാർ മുഖവിലക്കെടുക്കാത്തത് പ്രതിഷേധാർഹമായ സമീപനമാണെന്നും സമാനമനസ്കരെ സഹകരിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഇബ്രാഹീം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹീം, ദുബൈ കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.