ദുബൈ: യു.എ.ഇ യാത്രക്കാർക്കുള്ള റാപിഡ് പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാറാണെന്ന് കേന്ദ്രം. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അബ്ദുസമദ് സമദാനി എന്നിവർ പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പി.സി.ആർ നിരക്കുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് സർക്കാറിന് ധാരണയുണ്ടോ എന്നും വിമാനത്താവളത്തിലെ പരിശോധനക്ക് അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് അറിവുണ്ടോ എന്നുമായിരുന്നു ചോദ്യം. ആർ.ടി.പി.സി.ആർ, റാപിഡ് പി.സി.ആർ എന്നിവ അംഗീകൃത ലാബുകളെയാണ് ഏൽപിച്ചിരിക്കുന്നതെന്നും ഇതിന്റെ നിരക്ക് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാറുകളാണെന്നുമായിരുന്നു മറുപടി.
ആർ.ടി. പി.സി.ആറിന് 500 ദിർഹമാണ് നിശ്ചയിച്ചിരിക്കുന്നത്. റാപിഡ് പി.സി.ആറിന് 1975 മുതൽ 3000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
പരിശോധനക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ അനുസരിച്ചാണ് നിരക്കിൽ മാറ്റമുണ്ടാകുന്നതെന്നും മറുപടിയിൽ സൂചിപ്പിക്കുന്നു.
എയർപോർട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കാട് വിമാനത്താവളം ഒഴികെയുള്ള കേരളത്തിലെ വിമാനത്താവളങ്ങളിൽ 2500 രൂപയാണ് നിരക്ക് ഈടാക്കുന്നത്. കോഴിക്കോട് 1500 ആണ് നിരക്ക്.
മറ്റ് വിമാനത്താവളങ്ങളിലെ നിരക്ക് നിശ്ചയിക്കുന്നത് ആരാണെന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. പാർലമെന്‍റിലെ മറുപടിയോടെ ഇത് സംസ്ഥാന സർക്കാറിന്റെ കീഴിൽ വരുന്നതാണെന്ന് വ്യക്തമായി. നിലവിൽ യു.എ.ഇയിലേക്ക് മാത്രമാണ് റാപിഡ് പി.സി.ആർ പരിശോധന ആവശ്യമായുള്ളത്. ഇതിൻെറ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു.
48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് ഫലവുമായി എയർപോർട്ടിൽ എത്തുന്ന പലർക്കും ഇവിടെ നടക്കുന്ന ആർ.ടി.പി.സി.ആർ നിരക്കിൽ പോസിറ്റിവായതിനെ തുടർന്ന് യാത്ര മുടങ്ങുന്നുണ്ട്. മറ്റ് എയർപോർട്ടുകളിലെത്തി നെഗറ്റിവ് ഫലം നേടി യാത്ര ചെയ്യുന്ന നിരവധി സംഭവങ്ങളുമുണ്ട്. അതേസമയം, റാപിഡ് ടെസ്റ്റ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ മറ്റ് രാജ്യങ്ങളുമായി ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് കേന്ദ്രം വ്യക്തമായ ഉത്തരം നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.