റാസല്‍ഖൈമ: റോഡ് സുരക്ഷ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ്. വാഹനം ഉപയോഗിക്കുന്നവര്‍ക്കൊപ്പം കാല്‍നട യാത്രക്കാരും റോഡ് നിയമങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അവേര്‍നസ് മേധാവി ബ്രി. ജനറല്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി ആവശ്യപ്പെട്ടു.
റാസല്‍ഖൈമയില്‍ റോഡ് സുരക്ഷ പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാഫിക് സിഗ്നല്‍ സൂചകങ്ങള്‍ മറികടക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കും. റൗണ്ടെബൗട്ടുകൾക്കും ട്രാഫിക് സിഗ്നലുകള്‍ക്കും സമീപമെത്തുന്നതിനു മുമ്പേ വാഹനങ്ങളുടെ വേഗം കുറക്കണം. റെഡ് ലൈറ്റുകള്‍ മറികടക്കുന്നത് അപകടത്തിനും ദുരന്തത്തിലേക്കും നയിക്കും. ഇത് നിരുത്തരവാദപരമായ പ്രവൃത്തിയാണ്.
1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും 30 ദിവസം വാഹനം പിടിച്ചെടുക്കലുമാണ് റെഡ് സിഗ്നല്‍ മറികടക്കുന്നതിനുള്ള ശിക്ഷ. 3000 ദിര്‍ഹം അധിക പിഴ ഒടുക്കിയാല്‍ മാത്രമാണ് വാഹനം പിടിച്ചെടുക്കല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ കഴിയുക. വാഹനാപകടങ്ങള്‍ക്ക് ഇടവരുത്തുന്നത് 99 ശതമാനവും ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമാണ്. മൊബൈല്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം.
വാഹനം കാത്തുനില്‍ക്കുന്നവരും കാല്‍നട, സൈക്കിള്‍ യാത്രികരും റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഗതാഗത ബോധവത്കരണവുമായി ബന്ധപ്പെട്ട് റാസല്‍ഖൈമയില്‍ വ്യാപക പ്രചാരണ പരിപാടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.