ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെയുള്ള ഭരണാധികാരികൾ അറിവിന്റെ ആദ്യാക്ഷരം നുണഞ്ഞ ദുബൈയിലെ പഴക്കം ചെന്ന രണ്ടു സ്കൂളുകൾ വീണ്ടും അക്ഷരവെളിച്ചം പകരാൻ ഒരുങ്ങുന്നു. നാദ് അൽ സെബയിൽ സ്ഥിതിചെയ്യുന്ന റാഷിദ്, ലത്തീഫ സ്കൂളുകളാണ് അടുത്ത വർഷം വീണ്ടും പ്രവർത്തനം ആരംഭിക്കാൻ തയാറെടുക്കുന്നത്.
ശരത്കാലത്തിന്റെ തുടക്കത്തിൽ തന്നെ കെട്ടിട നിർമാണവും നവീകരണവും ആരംഭിക്കാനാണ് പദ്ധതി. തുടർന്ന് വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം അനുവദിക്കാനാണ് തീരുമാനം. റാഷിദ് സ്കൂളിൽ ആൺകുട്ടികൾക്കും ലത്തീഫയിൽ പെൺകുട്ടികൾക്കുമായിരിക്കും പ്രവേശനം. സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി 2020ൽ ആണ് രണ്ടു സ്കൂളുകളും അടച്ചത്.
1982ൽ ആരംഭിച്ച ലത്തീഫ സ്കൂളിൽ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ബ്രിട്ടീഷ് പാഠ്യപദ്ധതിയും അറബിക്, ഇസ്ലാമിക് പഠനക്രമവുമാണ് പിന്തുടർന്നിരുന്നത്. 1986ൽ സ്ഥാപിതമായ റാഷിദ് സ്കൂൾ 2003ൽ ഒരു പ്രാഥമിക വിഭാഗം തുറക്കുന്നതുവരെ ഒരു സെക്കൻഡറി സ്കൂളായിരുന്നു. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
യു.എ.ഇ ലിംഗ സമത്വ കൗൺസിൽ പ്രസിഡന്റ് ശൈഖ മനാൽ ബിൻത് മുഹമ്മദ് ലത്തീഫ സ്കൂളിൽനിന്നാണ് ബിരുദം നേടിയത്. സുസ്ഥിര വിദ്യാഭ്യാസ രംഗത്ത് ആഗോള മികവിന്റെ കേന്ദ്രമായി സ്കൂളുകളെ മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രിയും റാഷിദ്, ലത്തീഫ സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് ട്രസ്റ്റി ചെർമാനുമായ അഹമ്മദ് അൽ ഫലാസി പറഞ്ഞു.
റാഷിദയും ലത്തീഫയും സംയോജിപ്പിച്ച് റാഷിദ് ആൻഡ് ലത്തീഫ സ്കൂൾ എന്ന പേരിടാനും പദ്ധതിയുണ്ട്. 2024 സെപ്റ്റംബറോടുകൂടി ഒന്നുമുതൽ നാലുവരെ ക്ലാസ് വിദ്യാർഥികൾക്ക് ആദ്യഘട്ടം പ്രവേശനം നൽകാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.