ദുബൈ: അറബ് ചരിത്രത്തിലെ പുതിയ അധ്യായം രചിക്കാൻ യു.എ.ഇയുടെ സ്വന്തം റാശിദ് റോവർ. അറബ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രഥമ ചാന്ദ്ര ദൗത്യമായ റാശിദ് റോവറിന്‍റെ കുതിപ്പിന് ഇനി മൂന്ന് ദിനം മാത്രം ബാക്കി. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ബുധനാഴ്ച ഉച്ചക്ക് 12.39ന് അറബ് ലോകത്തിന്‍റെ പ്രതീക്ഷകളും പേറി റാശിദ് ചന്ദ്രനിലേക്ക് കുതികുതിക്കും. േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് യു.എ.ഇയുടെ പേടകമായ റാശിദ് കുതിക്കുന്നത്. എം.ബി.ആർ.എസ്.സിയിലെ സംഘം നേരത്തെ തന്നെ ഇവിടെ എത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ ദീർഘകാല ചന്ദ്ര പര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്.
ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും.
ചന്ദ്രോപരിതലത്തിൽ പര്യവേഷണ വാഹനമെത്തിക്കാൻ യു.എ.ഇയെ സഹായിക്കുന്ന കരാറിൽ കഴിഞ്ഞ ദിവസം ചൈന ഒപ്പുവെച്ചിരുന്നു. യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും ചൈനയുടെ നാഷണൽ സ്‌പേസ് അഡ്‌മിനിസ്‌ട്രേഷനുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ബഹിരാകാശ രംഗത്തെ സഹകരണത്തിന് ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തുന്നത്. കരാർ യാഥാർഥ്യമാകുന്നതോടെ സ്വന്തമായി ലാൻഡർ നിർമിക്കേണ്ട ആവശ്യം ഇതോടെ വേണ്ടിവരില്ല.
ഭൂമിയിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് എത്തിച്ചേരാൻ ഏകദേശം മൂന്ന് മാസമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അമേരിക്ക, സേവിയറ്റ് യൂനിയൻ, ചൈന എന്നിവക്ക് ശേഷം ചന്ദ്രദൗത്യം വിജയിപ്പിക്കുന്ന രാജ്യമായി യു.എ.ഇയും ജപ്പാനും മാറുകയും ചെയ്യും. അന്തരിച്ച യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിെൻറ നാമധേയത്തിലാണ് പദ്ധതി അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.