ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ ‘റാശിദ്’ റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി. പേടകത്തെ വഹിക്കുന്ന ജാപ്പനീസ് ലൂണാർ ലാൻഡർ ഹകുട്ടോ-ആർ ഉടമകളായ ഐ സ്പേസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അടുത്ത മാസം അവസാനത്തിൽ ‘റാശിദ്’ ചന്ദ്രനിൽ എത്തുമെന്ന പ്രതീക്ഷകൾ ശക്തിപ്പെട്ടു.
ചന്ദ്രനിലേക്കുള്ള പാതയിൽ ലാൻഡർ നിലവിൽ സ്ഥിരതയിലാണ്. ചാന്ദ്ര ഗുരുത്വാകർഷണ മേഖലയിലേക്ക് പ്രവേശിക്കുകയും ചന്ദ്രനെ ഭ്രമണംചെയ്യാനുള്ള തയാറെടുപ്പുകൾ നടക്കുകയുമാണ് -കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ലാൻഡർ ചാന്ദ്ര ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിച്ച് ഭ്രമണം ചെയ്യാൻ തുടങ്ങിയ ശേഷമാകും അടുത്ത അറിയിപ്പ് ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
‘റാശിദ്’ കഴിഞ്ഞ ഡിസംബർ 11നാണ് യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ജാപ്പനീസ് ലാൻഡറിൽ പറന്നുയർന്നത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം ഏപ്രിൽ അവസാനത്തോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ പേടകത്തിൽനിന്ന് ആദ്യ സന്ദേശം പുറത്തുവന്നിരുന്നു. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിന് നൽകപ്പെട്ടത്.
ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.