വീട്ടിൽ നിന്ന് അക്കാദമിയിലെത്തണമെങ്കിൽ 20 കിലോമീറ്റർ സൈക്കിൾ ചവിട്ടണം. ഒരു നേരമല്ല, രാവിലെയും വൈകിട്ടും. ദിവസം 80 കിലോമീറ്റർ താണ്ടി ഇന്ത്യൻ ക്രിക്കറ്റിെൻറ പടവുകളിലേക്ക് സൈക്കിളോടിച്ച് കയറിയ താരമാണ് കിങ്സ് ഇലവൻ പഞ്ചാബിെൻറ ലെഗ്ബ്രേക്ക് ബൗളർ രവി ബിഷ്ണോയ്. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് വരവ്. രണ്ട് ദിവസം മുൻപ് ദുബൈയിലെ ഹോട്ടലിലായിരുന്നു 20ാം പിറന്നാൾ ആഘോഷം. ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം മനസിൽ മൊട്ടിട്ട കാലം മുതൽ തടസങ്ങൾ മാത്രമായിരുന്നു മുന്നിൽ. 'എന്തിന് ഞാൻ കളിക്കണം'എന്ന് പോലും തോന്നിയ സമയങ്ങളിൽ കരുത്തുപകർന്ന ഗുരുക്കൻമാരുടെ വാക്കുകൾ മുറുകെപിടിച്ച് പന്തെറിഞ്ഞ ബിഷ്ണോയ് ഇക്കുറി കിങ്സ് ഇലവൻ പഞ്ചാബിെൻറ വജ്രായുധമാണ്. ഐ.പി.എൽ ലേലത്തിൽ 20 ലക്ഷമായിരുന്നു ബേസ് പ്രൈസ്. ഫ്രാഞ്ചൈസികൾ വാശിയോടെ ലേലം തുടർന്നപ്പോൾ 20കാരനെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തം പാളയത്തിൽ എത്തിച്ചത് രണ്ട് കോടി രൂപ വിലയിട്ട്.
പന്തുതട്ടിക്കളിക്കാൻ ചെറിയൊരു മൈതാനം പോലുമില്ലാത്ത നാട്ടിൽ നിന്നാണ് അവെൻറ വരവ്. പടിഞ്ഞാറൻ രാജസ്ഥാെൻറ കായിക മേഖല നേരിടുന്ന അവഗണനക്ക് പരിഹാരമായി ഒരുകൂട്ടം യുവാക്കൾ ചേർന്നാണ് ജോധ്പൂരിൽ ക്രിക്കറ്റ് മൈതാനം വെട്ടിത്തെളിച്ചത്. കാടും കല്ലും മണ്ണും നിറഞ്ഞ സ്ഥലത്ത് ജെ.സി.ബി ഇറക്കി ക്രിക്കറ്റ് മൈതാനം നിർമിക്കുകയായിരുന്നു. അവരുടെ ഇഛാശക്തിയുടെ ഫലമായി അവിടെ ക്രിക്കറ്റ് അക്കാദമി രൂപംകൊണ്ടു. അവിടേക്കാണ് 20 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബിഷ്ണോയി ക്രിക്കറ്റ് പഠിക്കാൻ പോയത്. കളി പഠിച്ചുവന്നപ്പോഴാകട്ടെ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് ബി.സി.സി.ഐ വിലക്കേർപ്പെടുത്തി. ഐ.പി.എൽ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക്.
അന്ന് ബിഷ്ണോയിക്ക് 14 വയസ് പ്രായം. വിലക്ക് വന്നതോടെ രാജസ്ഥാൻ ക്രിക്കറ്റിലെ സെലക്ഷനെല്ലാം അവതാളത്തിലായി. താരങ്ങളുടെ മുന്നിലെ വഴിയടഞ്ഞു. സെലക്ഷൻ ട്രയൽസ് മാത്രമാണ് നടന്നിരുന്നത്. അതാവട്ടെ പ്രഹസനവും. 'രാവിലെ സെലക്ഷൻ ട്രയലിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങും. കുറച്ച് പന്തെറിയും. വൈകുന്നേരം വീട്ടിൽ വരും. നന്നായി പന്തെറിഞ്ഞെന്ന് ഉറപ്പുണ്ടെങ്കിലും ആരും വിളിക്കില്ല. രണ്ട് വർഷത്തോളം ഇതായിരുന്നു അവസ്ഥ'-ബിഷ്ണോയി ഓർത്തെടുക്കുന്നു. ഒടുവിൽ അണ്ടർ 16 രാജസ്ഥാൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. എന്നാൽ, ആദ്യ ഇലവനിൽ ഉൾപെടുത്തിയില്ല. കളി നിർത്തുന്നതിനെ കുറിച്ച് പോലും ആലോചിച്ചതായും ബിഷ്ണോയി പറയുന്നു. കായിക ലോകത്ത് ഇത് പതിവാണെന്നും തളരരുതെന്നുമുള്ള പരിശീലകരുടെ ഉപദേശമാണ് ബിഷ്ണോയിയെ ക്രിക്കറ്റിൽ പിടിച്ചു നിർത്തിയത്. ഒടുവിൽ കഴിഞ്ഞ വർഷം അണ്ടർ 19 രാജസ്ഥാൻ ടീമിൽ ഇടംലഭിച്ചു. അരങ്ങേറ്റത്തിൽ കേരളമായിരുന്നു എതിരാളി. അഞ്ച് വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കി. ഈ ടൂർണെമൻറിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചതെങ്കിലും മികച്ച പ്രകടനം നടത്തിയതോടെ ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധയിൽപെട്ടു. അങ്ങിനെയാണ് കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിലേക്ക് വിളി വന്നത്. കിട്ടിയ അവസരം മുതലെടുത്ത് ശീലിച്ച ബിഷ്ണോയി ടൂർണമെൻറിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഏറ്റവും മുകളിലെത്തി. ഇതോടെയാണ് കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ ബിഷ്ണോയിക്കായി പിടിവലിയുണ്ടായതും പഞ്ചാബ് പണമെറിഞ്ഞ് സ്വന്തമാക്കിയതും ഇപ്പോൾ ദുബൈയിൽ എത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.