ഷാര്‍ജ: കോവിഡ് തീര്‍ത്ത എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും അക്ഷരസ്നേഹികളുടെ മനസില്‍ കരകവിഞ്ഞൊഴുകുന്ന ഷാര്‍ജ അന്താരാഷ്ര്ട പുസ്തകോത്സവത്തിന് നാലിന് രാവിലെ 10ന് അല്‍ താവൂനിലെ എക്സ്പോസെൻററില്‍ തുടക്കമാകും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. അക്ഷര സ്നേഹികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വാക്കിെൻറ വെളിച്ചത്തില്‍ ലോകം ഷാര്‍ജയില്‍ നിന്ന് മതി മറന്നു വായിക്കുന്ന 11 ദിനങ്ങള്‍ മലയാളികള്‍ക്ക് വാക്കുകള്‍ക്കും അതീതമായ ഒരനുഭൂതിയാണ്, ആഘോഷമാണ്.
നേരിട്ടുള്ള സന്ദര്‍ശനത്തിന് നിബന്ധനകള്‍ ഉണ്ടെങ്കിലും മനസുകൊണ്ട് ലക്ഷങ്ങള്‍ ഇത്തവണയും അക്ഷരനഗരിയില്‍ എത്തും. നാലുഘട്ടങ്ങളിലായിട്ടാണ് ഇക്കുറി റജിസ്റ്റര്‍ ചെയ്ത സന്ദര്‍ശകരെ സ്വീകരിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീളുന്ന ഓരോ ഘട്ടത്തിലും 5000 പേര്‍ക്കാണ് പ്രവേശനം. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അക്ഷര നഗരിയില്‍ എത്താം. പേരാറും പെരിയാറും കരകവിഞ്ഞൊഴുകുന്ന കേരളത്തിെൻറ സ്വന്തമെന്ന് മലയാളികള്‍ അത്മഹര്ഷം കൊള്ളുന്ന ഏഴാം നമ്പര്‍ ഹാള്‍ ഇക്കുറിയില്ലെങ്കിലും പോയവര്‍ഷത്തെ അക്ഷര പെയ്ത്തിെൻറ സംഗീതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല അക്ഷര നഗരിയില്‍ നിന്ന്.
ഇത്തവണയും പുസ്തകോത്സവത്തിന് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ നിറുത്താന്‍ കൂടുതല്‍ ഭാഗങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാന കവാടത്തിന് പുറമെ, കോര്‍ണീഷ് ഭാഗത്തും യു.എസ്.എ ട്രേഡ് സെൻറര്‍ പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തും പാര്‍ക്കിങ് സൗകര്യം കൂട്ടിയിട്ടുണ്ട്.
എക്സ്പോസെൻററിന് പരിസരത്ത് വാഹനം നിറുത്താനുള്ള സൗകര്യം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടരുത്. ഇന്ത്യ, ഈജിപ്ത് ട്രേഡ് സെൻറര്‍ ഭാഗത്തും ചേംബര്‍ ഓഫ് കൊമേഴ്സിനടുത്തും കോര്‍ണീഷ് ഭാഗത്തും നിരവധി സൗജന്യ പാര്ക്കിങുകളുണ്ട്. എക്സ്പോസെൻററിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെ നേരെ പോയാല്‍ ഇവിടെയത്താം. ഇവിടെയും കിട്ടാതെ വന്നാല്‍ വിക്ടോറിയ സ്കൂളിന് പിറക് വശത്തേക്ക് പോകുക. നിരവധി വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ചിലഭാഗത്ത് സ്കൂളിലത്തെുന്നവര്ക്ക് മാത്രമായി റിസര്‍വ് ചെയ്ത പാര്ക്കിങ്ങുകളുണ്ട്. അവിടെ വാഹനം നിറുത്തിയാല്‍ പിഴ 1000 ദിര്‍ഹമാണെന്ന് ഓര്‍ക്കുക. രാത്രി സ്കൂള്‍ പ്രവര്‍ത്തിക്കുന്നില്ല എങ്കിലും വാഹനം നിറുത്തുന്നത് നിയമവിരുദ്ധമാണ്. രാവും പകലും ഈ ഭാഗത്ത് പരിശോധന നടക്കും.
അറബ് മാളിനും അഡ്നോക്കിനും ഇടയിലൂടെയുള്ള റോഡിലൂടെ പോയി ആദ്യം കിട്ടുന്ന ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി വലത് വശത്തേക്ക് തിരിഞ്ഞാല്‍ ഈ പാര്‍ക്കിങ് കിട്ടും. ഈ വഴി തിരക്കാണെങ്കില്‍ അല്‍ താവൂന്‍ റോഡിലൂടെ ദുബൈ ദിശയിലേക്ക് പോകുക. ആസ്റ്റര്‍ ഫാര്‍മസി കഴിഞ്ഞാല്‍ ഒരു റോഡ് വലത് വശത്തേക്ക് പോകുന്നുണ്ട്. ഇതിലൂടെ പോയാല്‍ റൗണ്ടെബൗട്ട് കിട്ടും ഇവിടെ നിന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിഞ്ഞാല്‍ പാര്‍ക്കിങ് കിട്ടും. എന്നാല്‍ അടുത്തിടെ തുറന്ന ഫിര്‍ദൗസ് മസ്ജിദിെൻറ പാര്‍ക്കിങില്‍ വാഹനം നിറുത്തരുത്. നമസ്ക്കാര സമയത്ത് മാത്രമാണ് ഇവിടെ സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്.
ഈ ഭാഗത്തും കിട്ടിയില്ലെങ്കില്‍ ഷാര്‍ജ പാലസ് ഹോട്ടലിന് പിറക് വശത്തേക്ക് വണ്ടി തിരിക്കുക. ഇതിന് പിറകിലുള്ള പള്ളിയുടെ അടുത്തായി വിശാലമായ പാര്‍ക്കിങ് സൗകര്യമുണ്ട്. ഖസബയുടെ ഭാഗത്തും വിശാലമായ പാര്ക്കിങുണ്ട്. അല്‍ താവൂന്‍ റോഡിലൂടെ നേരെ പോയാല്‍ ഇവിടെയത്തൊം. അറബ് മാളിെൻറ പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം നിറുത്താന്‍ ഒരു മണിക്കൂറിന് ആറുദിര്‍ഹം നല്‍കണം.
ഷാര്‍ജ പുസ്തകമേള എന്നാല്‍ മലയാളികളുടെ അക്ഷരപൂരമാണ്. ഒരു ദിവസമെങ്കിലും അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികപേരും. പതിനായിരങ്ങളാണ് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.
ഉത്സവ നഗരിയിലേക്കുള്ള പ്രധാന വഴി ദുബൈ, ഷാര്‍ജ ഹൈവേയായ അല്‍ ഇത്തിഹാദ് റോഡാണ്. അല്‍ഖാന്‍, അല്‍ നഹ്ദ റോഡുകളും ഉപയോഗിക്കാം.
അജ്മാനില്‍ നിന്ന് റോളവഴി വരുന്ന അല്‍ അറൂബ റോഡിലൂടെയും ഇവിടെ എത്താം. ബുഹൈറ കോര്‍ണീഷ്, മീന റോഡിലൂടെയും എത്താം. എന്നാല്‍ ബുഹൈറ റോഡിനെ അല്‍ ഇന്‍തിഫാദ (ലുലുവിന് മുന്നിലൂടെ പോകുന്ന റോഡ്) റോഡ് വഴി അല്‍ ഖാന് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഒരു കാരണവശാലും ഉപയോഗിക്കരുത്, 400 ദിര്‍ഹമാണ് പിഴ.
ദുബൈ മെട്രോയിലും ഇൻറര്‍സിറ്റി ബസിലും ഇവിടെ എത്താം. ഗ്രീന്‍ലൈനിലെ സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങി അല്‍ അഹ് ലി ക്ലബിന് സമീപത്ത് നിന്ന് എക്സ്പോസെൻററിലേക്ക് നേരിട്ട് പോകുന്ന 301ാം നമ്പര്‍ ബസ് കിട്ടും. പത്ത് ദിര്‍ഹമാണ് നിരക്ക്. ടാക്സികളെ ആശ്രയിച്ചാല്‍ ചുങ്കമടക്കം 35 ദിര്‍ഹം കുറഞ്ഞത് ചിലവാകും. അല്‍ ഗുബൈബ, കറാമ, സത് വ, ഇത്തിഹാദ്, റാഷിദിയ എന്നിവിടങ്ങളില്‍ നിന്ന് ഷാര്ജയിേക്കുള്ള ബസുകളില്‍ വന്ന് അന്സാര്മാളിന് സമീപത്ത് ഇറങ്ങി, നടപ്പാലം കടന്നാല്‍ അല്‍ താവൂനിലേക്ക് നടക്കാനുള്ള ദൂരമേയുള്ളു.
301ാം നമ്പര്‍ ബസ് കിട്ടിയില്ലെങ്കില്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ അല്‍ നഹ്ദയിലെ സഹാറ സെൻററിന് സമീപത്തേക്ക് പോകുന്ന എഫ് 24 നമ്പര്‍ ബസില്‍ കയറുക. സഹാറ സെൻററിന് സമീപത്തിറങ്ങിയാല് ഷാര്‍ജ ടാക്സി ലഭിക്കും. 12 ദിര്‍ഹത്തിന് പൂരപ്പറമ്പിലത്തൊം. നോല്‍ കാര്‍ഡാണ് ബസില്‍ ഉപയോഗിക്കേണ്ടത്.
റെഡ് ലൈനില്‍ വരുന്നവരാണെങ്കില്‍ എമിറേറ്റ്സ് സ്റ്റേഷനില്‍ ഇറങ്ങുക. ഇവിടെ നിന്ന് 24ാം നമ്പര്‍ ബസ് കിട്ടും. അല്‍ നഹ്ദ ഒന്നിലെ ആദ്യ സ്റ്റോപ്പില്‍ ഇറങ്ങി, ബസ് വന്ന വഴിയിലേക്ക് നോക്കിയാല്‍ സീബ്ര ലൈന്‍ കാണാം. ഇത് കടന്നാല്‍ ഉടനെ ഇടത്തോട്ട് നോക്കുക, ഒരു ഗാഫ് മരം കാണാം. മരത്തിെൻറ അപ്പുറത്തുണ്ടൊരു സൂത്ര കവാടം, അത് കടന്നാല്‍ അന്‍സാര്‍ മാള്‍ കാണാം. ഇവിടെ അടുത്തിടെ തുറന്ന ഒരു നടപ്പാലമുണ്ട്. പാലം കടന്നാല്‍ 10 മിനുറ്റിനുള്ളില്‍ പുസ്തകോത്സവത്തില്‍ എത്താം.
അബുദബിയില്‍ നിന്ന് പൊതുമേഖല ബസിലാണ് വരുന്നതെങ്കില്‍ ഇത്തിഹാദ് റോഡിലെ അന്‍സാര്‍ മാളിന് സമീപത്ത് ഇറങ്ങിയാല്‍ മതി. നടപ്പാലം മുറിച്ചു കടന്നാല്‍ ആരോടും ചോദിച്ചാലും എക്സ്പോസെൻറര് പറഞ്ഞുതരും.
ഖോര്ഫക്കാന്, ഫുജൈറ, കല്‍ബ, മസാഫി, ബിത്ത്ന, ദഫ്ത്ത, മനാമ, സിജി, ദൈദ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഖോര്‍ഫക്കാനില്‍ നിന്ന് ഫുജൈറ വഴി വരുന്ന 116ാം നമ്പര്‍ ഷാര്‍ജ ബസ് ലഭിക്കും. രാവിലെ 5.45 മുതല്‍ രാത്രി 11.45 വരെ 14 ട്രിപ്പാണ് ഈ റൂട്ടിലുള്ളത്. ജുബൈല്‍ സ്റ്റേഷനിലാണ് ഇത് എത്തുക. ഇവിടെ നിന്ന് ഷാര്‍ജയുടെ ഒന്‍പതാം നമ്പര്‍ ബസില്‍ കയറിയാല്‍ എക്സ്പോസെൻററിെൻറ മുന്നില്‍ ഇറങ്ങാം. അജ്മാനില്‍ നിന്ന് ബസ് നമ്പര്‍ 112, ഹംറിയ ഫ്രീസോണ്‍ ഭാഗത്ത് നിന്ന് നമ്പര്‍ 114, റാസല്‍ഖൈമയില്‍ നിന്ന് 115, ഹത്തയില്‍ നിന്ന് റൂട്ട് നമ്പര്‍16 എന്നിവയാണ് സര്‍വീസ് നടത്തുന്നത്. മറ്റ് എമിറേറ്റുകളിലെ പൊതുമേഖല ബസുകളും ഷാര്ജയിലത്തെുന്നുണ്ട്. രാത്രി 11 വരെ ഇത് ലഭിക്കും
എക്സ്പോ സെൻററിന് സമീപത്തുള്ള നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷണ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ബിരിയാണി, കപ്പ, ചപ്പാത്തി, പൊറാട്ട, ബീഫ്, ചിക്കന്‍, പച്ചക്കറി, മീന്‍ക്കറി, പലഹാരങ്ങൾ എന്നിവ കിട്ടും. ഇവിടെ നിന്ന് വാങ്ങി രണ്ടാം നിലയില്‍ പോയിരുന്ന് സ്വസ്ഥമായി കഴിക്കാം. നമസ്ക്കരിക്കാനുള്ള സൗകര്യവും ഈ നിലയിലുണ്ട്. എക്സ്പോ സെൻറര്‍ റൗണ്ടെബൗട്ടിന് എതിര് വശത്ത് രണ്ട് കേരള റെസ്റ്റാറൻറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ താവൂന്‍ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധിച്ച് വേണം. റോഡ് മുറിച്ച് കടക്കാതെ ഒരു നാടന്‍ ചായ കുടിക്കാന്‍ അഡ്നോക്ക് പെട്രോള്‍ പമ്പിലുള്ള കഫ്തീരിയയില്‍ പോയാല്‍ മതി.
സാധാരണ ദിവസങ്ങളില്‍ പോലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന റോഡാണ് അല്‍ ഇത്തിഹാദ്. അക്ഷരങ്ങളുടെ കഥ തുടങ്ങിയാല്‍ പറയുകയും വേണ്ട. ദുബൈയിലെ ദമാസ്കസ് റോഡിലൂടെ വന്ന് ഷാര്‍ജയിലെ ആദ്യ സിഗ്നലില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന റോഡാണ് അല്‍ഖാന്‍. ഇതിലൂടെ നേരെ പോയാല്‍ ഒരു പാലം കിട്ടും. ദുബൈ ദിശയിലേക്ക് തിരക്ക് കുറവാണെങ്കില്‍ പാലത്തില്‍ നിന്ന് വലത് വശത്തേക്കിറങ്ങി, തൊട്ടടുത്ത് കിട്ടുന്ന അഡ്നോക് പമ്പ് കഴിഞ്ഞ് കിട്ടുന്ന വലത് വശത്തേക്ക് പോകുന്ന റോഡിലൂടെ നേരെ പോയാല്‍ എക്സ്പോ സെൻറര്‍ റൗണ്ടെബൗട്ട് കിട്ടും.
എന്നാല്‍ ഈ റൗണ്ടെബൗട്ടിന് മുമ്പ് വേറൊരു റൗണ്ടൈബൗട്ടുണ്ട്. അതിലൂടെ ഇടത്തോ, വലത്തോ പോയി ഏതെങ്കിലും ഭാഗത്ത് വാഹനം നിറുത്തി ശ്രദ്ധയോടെ നടന്ന് പോകുന്നതായിരിക്കും ഉചിതം. ദുബൈ ഭാഗത്തേക്കുള്ള റോഡില്‍ തിരക്കാണെങ്കില്‍ അല്‍ഖാന്‍ റോഡിലൂടെ നേരെ പോകുക. പാലം കഴിഞ്ഞ് കിട്ടുന്ന സിഗ്നലില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ അല്‍ ഖസബ ഭാഗം കിട്ടും. ഈ ഭാഗത്ത് വാഹനം നിർത്താനുള്ള സൗകര്യവും ലഭിക്കും. 10 മിനുറ്റ് നടന്നാല്‍ ലക്ഷ്യത്തിലത്തൊം. ഇവിടെയും കുരുക്കാണെങ്കില്‍ ഇടത്തോട്ട് പോകാതെ നേരെ പോകുക. കോര്‍ണീഷിലെ അവസാന റൗണ്ടെബൗട്ടില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പോകുക. എക്സ്പോ സെൻററിെൻറ പിറക് വശത്തത്തൊം. കുറച്ച് കൂടി മുന്നോട്ട് പോയാല്‍ പാര്‍ക്കിങുകള്‍ ലഭിക്കും.
ഖസബയില്‍ നിന്ന് വരുന്ന ദിശയില്‍ റോഡിന് മധ്യത്തില്‍ വേലി കെട്ടിയിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നവര്‍ക്കായി സിഗ്നലും സ്ഥാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും വേലി ചാടാന്‍ ശ്രമിക്കരുത്
ദുബൈ: ദുബൈയിൽ പ്രവാസിയായ അക്ബർ അണ്ടത്തോടിെൻറ കവിത സമാഹാരം 'ഉണ്മയുടെ ആകാശം'ശനിയാഴ്ച രാത്രി എട്ടിന് ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും. മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ പ്രകാശനം നിർവഹിക്കും. ഒരു വർഷമായി ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലുമായി എഴുതിയ കവിതകളാണ് പുസ്തകത്തിെൻറ ഉള്ളടക്കം.
മലയാള സാഹിത്യത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന കവിത പാരിസ്ഥിതികാവബോധത്തിലേക്കും പുറന്തള്ളപ്പെടുന്നവെൻറ പ്രതിരോധത്തിലേക്കും കുടുംബബന്ധത്തിെൻറ ഊഷ്മളതയിലേക്കും പ്രവാസിയുടെ വേവലാതികളിലേക്കും എങ്ങനെ ചൂണ്ടുപലകയാവുന്നു എന്നതിന് ഊഷ്മളമായ ഉദാഹരണങ്ങളാണ് ഈ സമാഹാരത്തിലെ 36 കവിതകളും. തൃശൂർ പുന്നയൂർക്കുളത്തിനടുത്ത അണ്ടത്തോട് സ്വദേശിയാണ് അക്ബർ. കവി പി.പി. ശ്രീധരനുണ്ണിയാണ് അവതാരിക. ലിപി പബ്ലിഷേഴ്സാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.