ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു. ഈ വർഷത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 1900 കോടി ദിർഹമും പിന്നിട്ടുകഴിഞ്ഞു. ആകെ 59,258 ഇടപാടുകളിലൂടെയാണ് ഇത്രയും തുക വരുമാനം നേടിയത്.
എമിറേറ്റിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് താമസ സൗകര്യങ്ങളുടെ ആവശ്യം വർധിക്കുന്നത് പരിഗണിച്ച് പുതിയ മേഖലകളിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള വലിയ പദ്ധതികൾ പൂർത്തിയായി വരുകയാണെന്നും പ്രതീക്ഷാപൂർവമായ വളർച്ചയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ദൃശ്യമായിട്ടുള്ളതെന്നും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹ്മ്മദ് അൽ ശംസി പത്രക്കുറിപ്പിൽ പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിൽ 97 രാജ്യങ്ങളിൽനിന്നുള്ളവർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും വൈവിധ്യമാർന്ന നിക്ഷേപകരുടെ എണ്ണം ഗുണകരമായ സൂചനകളാണ് ഭാവിയെക്കുറിച്ച് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് ഷാർജ സിറ്റിയിലാണ്. 114 ഏരിയകളിൽനിന്നായി 5734 ഇടപാടുകളാണ് സിറ്റി മേഖലയിൽ നടന്നത്. മുവൈലിഹ് കമേഴ്സ്യൽ ഏരിയ, മുസൈറാഅ്, അൽ ഖാൻ, ഹോശി എന്നീ പ്രദേശങ്ങളാണ് തൊട്ടു പിറകിലായുള്ളത്.
15,857 പ്രോപ്പർട്ടികളിൽ യു.എ.ഇ പൗരന്മാരുടെ നിക്ഷേപമാണുണ്ടായത്. ഇതിന് 1110 കോടി ദിർഹമിന്റെ മൂല്യമുണ്ട്. യു.എ.ഇ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരുടെ നിക്ഷേപം 952 പ്രോപ്പർട്ടികളിലായി 110 കോടി ദിർഹമിലെത്തി. അറബ് രാജ്യങ്ങളിലെ പൗരന്മാരുടെ നിക്ഷേപത്തിന് 300 കോടി ദിർഹമാണ്. മറ്റു രാജ്യങ്ങളിലെ പൗരന്മാരുടെ നിക്ഷേപം 2290 സ്വത്തുക്കളിലായി 380 കോടി ദിർഹമുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യു.എ.ഇയും സിറിയയും കഴിഞ്ഞാൽ ഇന്ത്യക്കാരാണ് ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.