അബൂദബി: അലക്ഷ്യമായി ലെയിനുകള്‍ മാറുന്നതിന്റെ അപകടം ഓര്‍മിപ്പിച്ച് അധികൃതര്‍. തിരക്കേറിയ സമയം ഇടത്തേയറ്റത്തെ ലെയിനില്നിന്ന് നിരവധി വാഹനങ്ങള്‍ക്കിടയിലൂടെ വലത്തേയറ്റത്തേക്ക് അതിവേഗം മാറുന്ന കാർ അപകടത്തിൽപെടുന്ന വിഡിയോ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
വലതു വശത്തേക്ക് തിരിയുന്ന റോഡിലേക്ക് പോകാനുള്ള കാർ ഡ്രൈവറുടെ ശ്രമം ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് പാഴാവുന്നതും വാഹനം മലക്കംമറിയുന്നതുമാണ് വിഡിയോ ദൃശ്യം. പെട്ടെന്നുള്ള ലെയിന്‍ മാറ്റം ഒഴിവാക്കണമെന്നും അടുത്ത റോഡിലേക്കു മാറുന്നതിന് മുമ്പ് ശരിയായ ലെയിനിലാണ് വാഹനമുള്ളതെന്ന് ഡ്രൈവര്‍ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മറ്റു യാത്രികരോട് സംസാരിച്ചും ഫോട്ടോയെടുത്തും മേക്കപ് ഇട്ടുമൊക്കെ ശ്രദ്ധമാറിപ്പോവുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും പൊലീസ് പറഞ്ഞു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്കി.
അലക്ഷ്യമായ ഡ്രൈവിങ് മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് അബൂദബി പൊലീസ് നിരന്തരം ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കിവരുന്നത്. വാഹനങ്ങളെ മറികടക്കുന്നതിന് നിയന്ത്രണമുള്ള റോഡുകളും ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ഇടങ്ങളും പരിഗണിച്ചാവണം വാഹനം ഓടിക്കേണ്ടത്.
യു.എ.ഇയിലെ വാഹന യാത്രികരില്‍ 80 ശതമാനം വൈകിയാണ് യാത്രയാരംഭിക്കുന്നതെന്നും ഇതാണ് അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ വാഹനാപകടങ്ങള്‍ നടക്കുന്നതിന് പ്രധാനമായും കാരണമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വൈകി യാത്ര തുടങ്ങുന്നതുമൂലം ലക്ഷ്യ സ്ഥാനത്ത് എത്താന്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നതാണ് അപകടങ്ങള്‍ക്കു കാരണമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.